തുറവൂർ : റോഡരികിലെ ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവിട്ടിട്ടും ദേശീയപാതയിൽ അരൂർ - ഒറ്റപ്പുന്ന ഭാഗത്ത് വാഹനയാത്രക്കാരുടെ കാഴ്ച മറയ്ക്കുന്ന പരസ്യബോർഡുകൾ നീക്കം ചെയ്യുന്നതിൽ അധികൃതർ അനാസ്ഥ കാട്ടിയതായി ആരോപണം. മീഡിയനിലും യു ടേണിലും പ്രധാന കവലകളിലും കാഴ്ച മറയ്ക്കുന്ന രീതിയിൽ അനവധി ഫ്ലക്സ് ബോർഡുകളാണ് ഇപ്പോഴുമുള്ളത്. നടപ്പാതകൾക്കും ബസ് സ്റ്റോപ്പുകൾക്കും അരികിലും മരങ്ങളിലും വൈദ്യുത തൂണുകളിലുമൊക്കെ പരസ്യ ബോർഡുകളുണ്ട്.
അനധികൃതമായി ദേശീയപാതയിലും സംസ്ഥാന പാതയിലും പ്രധാന റോഡുകളിലും പൊതു സ്ഥലങ്ങളിലും സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സ് ബോർഡുകളും കമാനങ്ങളും ബാനറുകളും തോരണങ്ങളും ഒക്ടോബർ 30 നകം അടിയന്തരമായി നീക്കം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നതാണ്. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം അതാത് പഞ്ചായത്തു സെക്രട്ടറിമാരുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകളും തോരണങ്ങളും കമാനങ്ങളും നീക്കിയിരുന്നു. ചിലയിടങ്ങളിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണ് ഫ്ളക്സ് ബോർഡുകളും മറ്റും ഇതുവരെ നീക്കം ചെയ്യാത്തത്. പല സ്ഥലത്തും നീക്കിയ ബോർഡുകൾക്ക് പകരം പുതിയ ബോർഡുകൾ ഉയരുന്നുമുണ്ട്. വ്യാപാര സ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികളുമാണ് ബോർഡുകൾ സ്ഥാപിക്കുന്നതിൽ ഏറെ മുന്നിൽ.