a

മാവേലിക്കര: അപ്പീലുമായി മത്സരത്തിനെത്തിയ മറ്റം സെന്റ് ജോൺസിനു എച്ച്.എസ് വിഭാഗം പരിചമുട്ടുകളിയിൽ ഒന്നാം സ്ഥാനം. എസ്.ഗോപികൃഷ്ണ, അശ്വിൻ യു. കൃഷ്ണൻ, കിഷോർ കുമാർ, സനൂപ്.എസ്.കുമാർ, അജയ് ഗോപിനാഥ്, ജിനോ മാത്യു തങ്കച്ചൻ, മഹി മധു എന്നിവരടങ്ങുന്ന സംഘമാണ് മാവേലിക്കര ഉപജില്ലയിൽ കൈവിട്ട നേട്ടം റവന്യൂ ജില്ല കലോത്സവത്തിൽ തിരികെ പിടിച്ചത്. മാവേലിക്കര ഉപജില്ലാ കലോത്സവത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡുമാണു ഇവർക്ക് ലഭിച്ചത്. തുടർന്നു അപ്പീൽ നൽകി ജില്ലാ മത്സരത്തിൽ പങ്കെടുക്കുകയായിരുന്നു. കെ.ജിബിൻ ജേക്കബ്, ജിബി
കെ.ജോൺ, ബിനു സാമുവേൽ എന്നിവരാണു ടീമിനെ പരിശീലിപ്പിച്ചത്.

വിധികർത്താക്കളുടെ കാർ തടഞ്ഞു

മാവേലിക്കര: ഒപ്പന മത്സരത്തിന്റെ ഫലപ്രഖ്യാപനം പക്ഷപാതപരമെന്നാരോപിച്ചു വിധികർത്താക്കളുടെ കാർ തടഞ്ഞു കൈയ്യേറ്റ ശ്രമം നടത്തിയ സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒപ്പന മത്സരം നടന്ന ഗവ.ടി.ടി.ഐയിലാണു ജഡ്ജസിനെ തടഞ്ഞത്. ഇന്നലെ ഉച്ചയ്ക്കു രണ്ടിനാണു സംഭവം.

എച്ച്.എസ്.എസ് വിഭാഗം ഫലപ്രഖ്യാപനത്തിൽ അപാകതയുണ്ടെന്നാരോപിച്ചു മത്സരത്തിൽ പങ്കെടുത്ത ഒരു സ്കൂളിലെ വിദ്യാർഥികളും അവരുടെ രക്ഷാകർത്താക്കളും ചേർന്നു വിധികർത്താക്കൾ കയറിയ കാർ തടഞ്ഞു. ഫലം തിരുത്തി പ്രഖ്യാപിക്കണമെന്നു കാർ തടഞ്ഞവർ ആവശ്യപ്പെട്ടു. ഇതിനിടെ മത്സരത്തിൽ പങ്കെടുത്ത ഒരു വിദ്യാർത്ഥിനിയും മറ്റൊരാളും വിധികർത്താക്കളിലൊരാളെ കയ്യേറ്റം ചെയ്തു. സംഘാടകർ അറിയിച്ചതിനെ തുടർന്നു പൊലീസ് സ്ഥലത്തെത്തി ഒരു യുവാവിനെ കസ്റ്റഡിയിലെടുത്തു.

മികച്ച നടനായി ആകാശ്

മാവേലിക്കര : ഹയർ സെക്കൻഡറി വിഭാഗം നാടക മത്സരത്തിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട കെ.ആകാശ് പരിമിതികളുടെ നടുവിൽ നിന്നാണ് കലോത്സവ വേദിയിലെത്തിയത്. നിരണം പാവുക്കര കണ്ണഞ്ചിൽ വീട്ടിൽ ആകാശിന് ചെറുപ്പത്തിലേ അച്ഛനെ നഷ്ടപ്പെട്ടിരുന്നു. കടയിൽ ജോലിക്കു പോകുന്ന അമ്മയുടെ വരുമാനമാണ് ആകാശിന്റെ കുടുംബത്തിന്റെ ഏക ജീവിതമാർഗം. ഇളയ സഹോദരനും അമ്മയും അമ്മൂമയും അടങ്ങുന്നതാണ് ആകാശിന്റെ കുടുംബം. പ്രളയത്തിൽ ആകാശിന്റെ വീട്ടിലും വെള്ളം കയറി. പത്താം ക്ലാസിൽ തൊണ്ണൂറു ശതമാനത്തിലധികം മാർക്കോടെ ഉന്നത വിജയം കൈവരിച്ച ഈ മിടുക്കൻ നാടൻപാട്ട്, അഭിനയം എന്നീ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. പ്ലസ് ടുവിന് ശേഷം വൈദ്യശാസ്ത്ര മേഖലയിൽ പ്രവര്‍ത്തിക്കണെമെന്ന് ആഗ്രഹമുള്ള ആകാശിന് സിനിമാമോഹവുമുണ്ട്. നാലാം ക്ലാസിൽ അഭിനയം തുടങ്ങിയ ആകാശ് അഞ്ചാം ക്ലാസിൽ പഴക്കുല എന്ന നാടകത്തിൽ ഉപജില്ലാതലത്തിൽ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. പരേതനായ ശശാംങ്കൻ - ശശികല ദമ്പതികളുടെ മകനാണ്. തുടർച്ചയായി പതിനാലാം തവണയും ചാമ്പ്യർഷിപ്പ് നേടിയ മാന്നാർനായര്‍ സമാജം സ്കൂളിനാണ് നാടക മത്സരത്തിൽ ഒന്നാം സ്ഥാനം. സ്‌കൂളിലെ പ്ലസ് ടു സയൻസ് വിഭാഗം വിദ്യാർത്ഥിയായ ആകാശ് , കെ.റ്റി. മുഹമ്മദിന്റെ കണ്ണുകൾ എന്ന നാടകത്തിലെ കുരങ്ങുമനുഷ്യൻ റഹീം എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അഹല്യ, ആര്യ, ശ്രീലക്ഷ്മി, അംജിത്ത്, ഷഹിൻഷാ, അനന്തൻ, അനുമോൻ, മുകുന്ദ്, അലൻ എന്നിവരാണ് ആകാശിന് ഒപ്പമുണ്ടായിരുന്നത്. മനോജ് നാരായണൻ, കെ.പി.എ.സി കലേശ്, മുതുകുളം ജയപ്രകാശ് എന്നീ അധ്യാപകരാണ് ഇവരെ പരിശീലിപ്പിച്ചത്.