മാവേലിക്കര: ഹയർസെക്കൻഡറി വിഭാഗം നാടകത്തിൽ മേഘ.ജെ.ജോസഫ് മികച്ച നടി. സൗത്ത് ആര്യാട് ലൂതറൽ എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച പെണ്ണാച്ചിയും കൂട്ടുകാരും നാടകത്തിൽ കേന്ദ്രകഥാപാത്രമായ മേഘ എന്ന വിദ്യാർത്ഥിയുടെ വേഷം അവതരിപ്പിച്ച് മേഘ കാഴ്ചക്കാരെ വിസ്മയിപ്പിച്ചു. സുഹൃത്തിന്റെ ആത്മഹത്യയും തുടർ സംഭവ വികാസങ്ങളും ഡോക്യുമെന്ററിയായി മാറുന്നു. ഇത് സ്കൂളിൽ അവതരിപ്പിക്കുമ്പോൾ ഉണ്ടാവുന്ന അന്തർസംഘർഷങ്ങളും മരണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ നടത്തുന്ന ശ്രമങ്ങളുമാണ് നാടകത്തിന്റെ പ്രമേയം.മേഘയുടെ അഭിനയത്തിൽ വിധി കർത്താക്കൾക്ക് ഒരേ അഭിപ്രായമായിരുന്നു. നാടകത്തിന് രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. 2016ലെ ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും മേഘ മികച്ച നടിയായിരുന്നു. ഗുരുകുലം കുറുന്തലവെളിയിൽ ജയ്മോന്റെയും, സവിതയുടെയും മകളാണ്.