obituary

ചേർത്തല:പുന്നപ്ര വയലാർ സമരസേനാനി മുഹമ്മ ഗ്രാമപഞ്ചായത്ത് 10-ാം വാർഡ് കളപ്പുരയ്ക്കൽ സി.കെ.കരുണാകരൻ(98)നിര്യാതനായി.വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കരുണാകരൻ ഇന്നലെ രാത്രി 8.15 ഓടെയാണ് മരിച്ചത്.1945ൽ കമ്മ്യുണിസ്റ്റ് പാർട്ടി അംഗമായി.പുന്നപ്രവയലാർ സമരത്തിന്റെ ഭാഗമായി മാരാരിക്കുളത്ത് നടന്ന സമരത്തിൽ നേരിട്ട് പങ്കെടുത്ത കരുണാകരന് വോളണ്ടിയർമാർക്ക് പരീശീലനം നൽകുന്ന ചുമതലയായിരുന്നു.സമരത്തെ തുടർന്ന് ഒളിവിൽ പോയ സി.കെ.യെ 1946ൽ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.ടി.വി.തോമസ്,എം.എൻ.ഗോവിന്ദൻനായർ,വി.എസ്.അച്യുതാനന്ദൻ തുടങ്ങിയ നേതാക്കൾക്കൊപ്പം ആലപ്പുഴ സബ് ജയിലിൽ ആറുമാസത്തിലധികം ജയിൽ വാസം അനുഭവിച്ചു. മുഹമ്മ ലോക്കൽ കമ്മിറ്റിയുടെ ആദ്യ സെക്രട്ടറിയായും 1953ൽ മുഹമ്മ പഞ്ചായത്ത് രൂപീകരിച്ചപ്പോൾ ആദ്യ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. 1964ൽ പാർട്ടി പിളർന്നപ്പോൾ സി.പിഎമ്മിനോടൊപ്പം നിന്ന കരുണാകരൻ ജില്ലാ കമ്മിറ്റി അംഗമായി ദീഘകാലം പ്രവർത്തിച്ചു.ചേർത്തല താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി,സി.ഐ.ടി.യു അഖിലേന്ത്യ ജനറൽ കൗൺസിൽ അംഗം,സംസ്ഥാന കമ്മിറ്റി അംഗം,മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ വൈസ് പ്രസിഡന്റ്,ഖജാൻജി എന്നീനിലകളിലും പ്രവർത്തിച്ചു.അടിയന്തരാവസ്ഥകാലത്ത് 19 മാസത്തോളം തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ മിസ തടവുകാരനായി ജയിൽവാസം അനുഭവിച്ചു.സി.പി.എം. അരൂർ ഏരിയ കമ്മിറ്റി രൂപീകരിച്ചപ്പോൾ ആദ്യ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടത് സി.കെയാണ്.വർഷങ്ങളായി പുന്നപ്ര-വയലാർ സമരത്തിന്റെ ഭാഗമായി മാരാരിക്കുളത്ത് പതാക ഉയർത്തുന്നത് സി.കെ.യാണ്.പി.കെ.ചന്ദ്രാനന്ദന്റെ നിര്യാണത്തിന് ശേഷം കഴിഞ്ഞ 5 വർഷമായി വയലാറിൽ പതാക ഉയർത്തുന്നതും സി.കെ.കരുണാകരനാണ്.സംസ്കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ .ഭാര്യ:പരേതയായ രാജമ്മ.മക്കൾ:കെ.ആർ.ലതികമ്മ,കെ.കെ.ഗവേഷ്,കെ.കെ.നഹാർ(അദ്ധ്യാപകൻ,ഗവ.എച്ച്.എസ്.ആര്യാട്).മരുമക്കൾ:എസ്.രാധാകൃഷ്ണൻ(റിട്ട.കെ.എസ്.ആർ.ടി.സി),ദീപ,വിധു(അദ്ധ്യാപിക,ഗവ.എച്ച്.എസ്.മണ്ണഞ്ചേരി).

സി.കെ.കരുണാകരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ,ഭരണ പരിഷ്ക്കാര കമ്മിഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ,മന്ത്രിമാരായ ഡോ.തോമസ് ഐസക്,ജി.സുധാകരൻ,പി.തിലോത്തമൻ,സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ,ബിനോയ് വിശ്വം,ആർ.നാസർ,ടി.പുരുഷോത്തമൻ , സി.ബി ചന്ദ്രബാബു എന്നിവർ അനുശോചിച്ചു.