കുട്ടനാട് : ചക്കുളത്തമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് ഭക്തലക്ഷങ്ങൾ ആത്മ സായുജ്യം നേടി. കാർത്തിക നാളായ ഇന്നലെ ചക്കുളത്തുകാവ് ദേവി ക്ഷേത്രത്തിൽ നടന്ന പൊങ്കാലയിൽ പങ്കെടുക്കാൻ കേരളത്തിനകത്തും പുറത്തുനിന്നുമായി സ്ത്രീകൾ ഒഴുകിയെത്തി. വ്യാഴാഴ്ച രാത്രി മുതൽ തന്നെ ക്ഷേത്രപരിസരത്തും സമീപറോഡുകളിൽ കിലോമീറ്ററുകളോളം ദൂരത്തിലും പൊങ്കാലയർപ്പിക്കാനായി ഭക്തർ നിരന്നിരുന്നു.
ഇന്നലെ പുലർച്ചെ നാലിന് മഹാഗണപതിഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഗോകുലം ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഗോകുലം ഗോപാലൻ പൊങ്കാല ഉദ്ഘാടനവും അന്നദാനമണ്ഡപ സമർപ്പണവും നിർവഹിച്ചു. ക്ഷേത്രം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തി.
ശ്രീകോവിലിലെ കെടാവിളക്കിൽ നിന്ന് കൊളുത്തിയ ഭദ്രദീപം ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി പണ്ടാര അടുപ്പിലേക്കു പകർന്നു. കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ 500ഓളം പുരോഹിതരുടെ നേതൃത്വത്തിൽ ദേവിയെ 41ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തർ തയ്യാറാക്കിയ പൊങ്കാല നിവേദിച്ചു. ജീവതകൾ തിരികെ ക്ഷേത്രത്തിൽ എത്തിയപ്പോൾ ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും നടന്നു.