annadana

കുട്ടനാട് : ഇഷ്ടദേവതയ്ക്കു മുന്നിൽ പൊങ്കാലയർപ്പിച്ച് മനം നിറയ്ക്കാനായി എത്തിയ സ്ത്രീജനങ്ങൾ ചക്കുളത്തുകാവിനെ ഇന്നലെ യാഗഭൂമിയാക്കി. എങ്ങും പൊങ്കാല നിവേദ്യത്തിന്റെ ഗന്ധം മാത്രം. ഒപ്പം ദേവീമന്ത്രങ്ങളും മുഴങ്ങി. രണ്ട് ദിവസം മുമ്പ് മുതൽ പൊങ്കാലയർപ്പിക്കാനായി ചക്കുളത്തുകാവിലേക്ക് ഭക്തരുടെ ഒഴുക്കായിരുന്നു . ഏതാനും ദിവസം മുമ്പ് വരെ കനത്ത മഴയിൽ കുതിർന്നിരുന്ന ചക്കുളത്തുകാവും പരിസരവും പൊങ്കാലയിടാൻ ഭക്തരെത്തി തുടങ്ങിയതോടെ അന്തരീക്ഷം തെളിഞ്ഞ് കസവുടുത്തു.

പൊങ്കാലയർപ്പിക്കാനെത്തിയ ഭക്തർക്ക് ഒരു കുറവുകളും ഉണ്ടാകാത്ത തരത്തിൽ വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ക്ഷേത്രം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ നേതൃത്വത്തിലായിരുന്നു എല്ലാ ക്രമീകരണങ്ങളുമൊരുക്കിയത്. 2000ഓളം പൊലീസുകാരും 1000ഓളം വോളണ്ടിയർമാരും പൊങ്കാലവീഥികളുടെ നിയന്ത്രണം ഏറ്റെടുത്തതോടെ ദേവീ ഭക്തർക്ക് സൗകര്യപ്രദമായി പൊങ്കാല അർപ്പിക്കാനെത്തി. ശ്രീകോവിലിൽ നിന്ന് മൂലബിംബത്തോടൊപ്പം കൊടിവിളക്കിൽ നിന്ന് കത്തിച്ചെടുത്ത ദീപം കൊടിമരച്ചുവട്ടിലെ പണ്ടാരപൊങ്കാല അടുപ്പിന് സമീപം വാദ്യമേളങ്ങളുടേയും മന്ത്രോച്ചാരാണങ്ങളുടേയും അകമ്പടിയോടെ എത്തിച്ചതോടെയാണ് പൊങ്കാല ചടങ്ങളുകൾക്ക് തുടക്കമായത്. ഗോകുലം ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഗോകുലം ഗോപാലൻ പൊങ്കാല ഉദ്ഘാടനവും അന്നദാനമണ്ഡപ സമർപ്പണവും നിർവ്വഹിച്ചു. ക്ഷേത്രം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അദ്ധ്യക്ഷത വഹികർച്ചു. മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി.കൊടിക്കുന്നിൽ സുരേഷ് എം.പി,തലവടി പഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരൻ,ഹരിക്കുട്ടൻ നമ്പൂതിരി,സുരേഷ് കാവുംഭാഗം തുടങ്ങിയവർ പങ്കെടുത്തു.