one

കുട്ടനാട് : ഗതാഗത കുരുക്കിനെ തുടർന്ന് സമയത്ത് എത്താൻ കഴിയാതിരുന്നിട്ടും പൊങ്കാല അർപ്പണം മുടക്കാതെ യുവതി . കൊല്ലം കുണ്ടറ കായൽവരമ്പത്ത് പുത്തൻ വീട്ടിൽ ഷീബയാണ് (37) പച്ച ലൂർദ്ദ്മാത ഹൈസ്‌കൂളിന് മുൻവശത്ത് റോഡരികിൽ പൊങ്കാലയിട്ടത്. ചക്കുളത്തമ്മയ്ക്ക് എല്ലാ വർഷവും ഷീബ പൊങ്കാലയിടാറുണ്ട്. ഇന്നലെ രാവിലെ പൊങ്കാല ഇടാനായി വീട്ടിൽ നിന്ന് യാത്രതിരിച്ചെങ്കിലും ഗതാഗത കുരുക്കിനെ തുടർന്ന് ഉച്ചക്ക് 12 മണിയോടെയാണ് അമ്പലപ്പുഴയിൽ എത്താനായത്. പത്ത് വർഷത്തിലേറെയായി മുടങ്ങാതെ ദേവിക്ക് പൊങ്കാലയർപ്പിക്കുന്ന ഷീബ സമയം കഴിഞ്ഞതൊന്നും കാര്യമാക്കിയില്ല. അമ്പലപ്പുഴയിൽ നിന്ന് പൊങ്കാലക്കുള്ള സാധനങ്ങൾ വാങ്ങി ആട്ടോറിക്ഷയിൽ കയറി സ്ഥിരമായി പൊങ്കാല ഇടാറുള്ള പച്ച ജംഗ്ഷനിൽ എത്തി ഒറ്റക്ക് നിവേദ്യം തയ്യാറാക്കി. പരിസരവാസികൾചക്കുളത്തുകാവ് ക്ഷേത്രത്തിൽ അറിയിച്ചതോടെ ആനന്ദ് നമ്പൂതിരി, അരുൺ നമ്പൂതിരി എന്നിവർ എത്തി പൊങ്കാല നിവേദിച്ചു,. ക്ഷേത്രത്തിലെത്തി ദേവിയെ വണങ്ങിയ ശേഷമാണ് ഷീബ വീട്ടിലേക്ക് മടങ്ങിയത്.