wef
തൃക്കാർത്തിക നാളിൽ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടന്ന മയിൽവാഹന എഴുന്നള്ളത്ത്

ഹരിപ്പാട്: സർവാഭരണ വിഭൂഷിതനായി തൃക്കാർത്തിക നാളിൽ എഴുന്നള്ളിയ വേലായുധസ്വാമിയെ ദർശിച്ച് ആയിരങ്ങൾ ആത്മനിർവൃതിയിലായി. സുബ്രഹ്മണ്യ സ്വാമിയുടെ ജന്മനാളായ ഇന്നലെ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ തങ്കചുണ്ടും കണ്ണിലും പൂവിലും ഇന്ദ്രനീലകല്ലുകളും പതിച്ച വെള്ളിയിൽ തീർത്ത മനോഹരമായ മയിൽ വാഹനത്തിലായിരുന്നു ഭഗവാന്റെ എഴുന്നള്ളത്ത്. കാർത്തിക ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടന്നു. തന്ത്റിമാരായ പടിഞ്ഞാറേ പുല്ലാംവഴി ദേവൻ കൃഷ്ണൻ നമ്പൂതിരി, സനൽ നാരായണൻ നമ്പൂതിരി, കിഴക്കേ പുല്ലാംവഴി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി, ഉപദേശകസമിതി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.സന്ധ്യയ്ക്ക്
ക്ഷേത്ര പരിസരത്ത് ഭക്തരും വ്യാപാരികളും എക്‌സൈസ് അധികൃതരും , കോടതി ജീവനക്കാരും ഓട്ടോ ടാക്സി ഡ്രൈവർമാരും, ലോഡിംഗ് തൊഴിലാളികളും ചേർന്ന് എഴുന്നള്ളത്തെ വരവേ​റ്റ് ദീപക്കാഴ്ചകൾ ഒരുക്കി. സ്​റ്റേഷനിലേക്കുള്ള വഴിയിൽ നൂറുകണക്കിന് നിലവിളക്കുകൾ തെളിച്ചാണ് ഹരിപ്പാട് പൊലീസ് പങ്കാളികളായത്. ഉച്ചയ്ക്ക് ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ഭക്തജനങ്ങളുടെ പങ്കാളിത്തത്തോടെ അന്നദാനം നടന്നു. ഉപദേശക സമിതി പ്രസിഡന്റ് ബൈജു, സെക്രട്ടറി ഹനു ചന്ദ്രൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിജു തുടങ്ങിയവർ നേതൃത്വം നൽകി.