hans
കഞ്ഞിക്കുഴിയിൽ നിന്ന് മാരാരിക്കുളം പൊലീസ് സബ് ഇൻസ്പെക്ടർ സി.ജി.മധുവിന്റെ നേതൃത്വത്തിൽ പിടികൂടിയ പുകയില ഉത്പന്നങ്ങളുമായി പ്രതി സജി

ചേർത്തല:കഞ്ഞിക്കുഴി ഹയർ സെക്കൻഡറി സ്‌കൂൾ പരിസരത്ത് കുട്ടികൾക്ക് വിൽക്കാനായി കൊണ്ടു വന്ന 285 പാക്ക​റ്റ് പുകയില ഉത്പ്പന്നവുമായി ചെത്ത് തൊഴിലാളി പിടിയിലായി.കഞ്ഞിക്കുഴി പഞ്ചായത്ത് 12-ാംവാർഡ് വനസ്വർഗം കിഴക്കേ തയ്യിൽ സജി (വിനോദ് കുമാർ-43) യെയാണ് മാരാരിക്കുളം പൊലീസ് പിടികൂടിയത്. ബൈക്കിൽ സഞ്ചിയിൽ ഹാൻസുമായി എത്തിയ സജിയെ സ്കൂളിന് സമീപത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്ഹാൻസ് പിടിച്ചെടുത്തത്.സ്‌കൂൾ കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന ലഹരി മാഫിയയുടെ കണ്ണിയാണ് പിടിയിലായതെന്ന് മാരാരിക്കുളം എസ്.ഐ സി.ജി.മധു പറഞ്ഞു. മുഹമ്മയിലും സജിക്കെതിരെ സമാന കേസ് നിലവിലുണ്ട്.ചെത്തുകാരനായ ഇയാൾ തെങ്ങിന്റെ മുകളിലാണ് പുകയില ഉത്പന്നം സൂക്ഷിക്കുന്നത്.സിവിൽ പൊലീസ് ഓഫീസർമാരായ
ഷൈൻ,ശ്യാംലാൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.