ആലപ്പുഴ : ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. പ്രൊഫസറുടേതടക്കം എട്ട് ഒഴിവുകളാണ് നിലവിലുള്ളത്. സീനിയർ റെസിഡന്റുമാരുടെ ഒഴിവ് വേറെയും.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഏറ്റവും അധികം പേർ ചികിത്സ തേടി എത്തുന്ന വിഭാഗങ്ങളിലൊന്നായ ഗൈനക്കോളജിയിൽ ഡോക്ടർമാരുടെ ഒഴിവ് നികത്താനുള്ള നടപടി അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. നിലവിലുള്ള ഡോക്ടർമാർ അധിക ജോലി ചെയ്യേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ചികിത്സ തേടി എത്തുന്നവരുടെ ബാഹുല്യം കാരണം പലപ്പോഴും ഒ.പി വിഭാഗത്തിന്റെ പ്രവർത്തനം വളരെ വൈകിയാണ് അവസാനിക്കുന്നത്. ഇവിടെ രോഗികളുടെ നീണ്ട നിരയായിരിക്കും എപ്പോഴും.

പ്രൊഫസർ-1, അസോസിയേറ്റ് പ്രൊഫസർ-2, അസിസ്റ്റന്റ് പ്രൊഫസർ-5 എന്നിങ്ങനെയാണ് ഇവിടെ നിലവിൽ ഗൈനക്കോളജി വിഭാഗത്തിൽ ഡോക്ടർമാരുടെ ഒഴിവുകൾ. സീനിയർ റെസിഡന്റുമാരുടെ രണ്ട് ഒഴിവുമുണ്ട്. ഇവിടെ പ്രവേശിപ്പിക്കുന്ന രോഗികൾക്ക് പുറമേ, ആലപ്പുഴയിലെ സ്ത്രീകളുടെെും കുട്ടികളുടെയും ആശുപത്രി, താലൂക്ക്, ജില്ലാ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ ചികിത്സയിലിരിക്കെ ഗുരുതരാവസ്ഥയിലാകുന്നവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണ് റഫർ ചെയ്യുന്നത്. പ്രസവസംബന്ധമായി ഇങ്ങനെ നിരവധി കേസുകളാണ് ഓരോ ദിവസവും റഫർ ചെയ്ത് ഇവിടേക്ക് എത്തുന്നത്.

ആലപ്പുഴയിലേക്ക് നേരത്തെ സ്ഥലംമാറി എത്തിയ ഡോക്ടർമാരിൽ ചിലർ സൂപ്പർ ന്യൂമററി ഒഴിവിൽ തിരുവന്തപുരം മെഡിക്കൽ കോളേജ് ആപത്രിയിലേക്ക് പോയതാണ് ഇപ്പോൾ ഡോക്ടർമാരുടെ എണ്ണത്തിൽ കുറവുണ്ടാകാൻ കാരണം. മറ്റ് മെഡിക്കൽ കോളേജുകളിൽ നിന്ന് ആലപ്പുഴയിലേക്ക് സ്ഥലം മാറി എത്തുന്ന ഡോക്ടർമാർ ഇവിടെ അധികകാലം ജോലി നോക്കാതെ തിരികെ പോകുന്നുവെന്നത് വർഷങ്ങളായുള്ള പരാതിയാണ്. സ്ഥലംമാറിയെത്തുന്ന ഡോക്ടർമാരിൽ പലരും ആലപ്പുഴയിൽ താമസിക്കാറുപോലുമില്ല. പലപ്പോഴും അവധിയിലുമായിരിക്കും. ഡോക്ടർമാരുടെ എണ്ണക്കുറവ് ബാധിക്കുന്നത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന നിർദ്ധന രോഗികളെയാണ്. ഒാച്ചിറ, കരുനാഗപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുപോലും ആളുകൾ ചികിത്സ തേടിയെത്തുന്നത് ആലപ്പുഴ മെഡിക്കൽ കോളേജിലാണ്.