ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതി നടത്തിപ്പിൽ വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി വകുപ്പുകൾക്കെതിരെ ജില്ലാ വികസന സിമിതി യോഗത്തിൽ രൂക്ഷ വിമർശനം. നഗരത്തിലുൾപ്പെടെ കുടിവെള്ളം മുടങ്ങി ദിവസങ്ങളായിട്ടും പരിഹാരം കാണാൻ കഴിയാത്ത സാഹചര്യത്തിലാണ് ആരോപണമുയർന്നത്.
തുടർച്ചയായ പൈപ്പുപൊട്ടലും വെെദ്യുതിമുടക്കവുമാണ് കുടിവെള്ള വിതരണത്തിന് തടസമാകുന്നതെന്ന് അധികൃതർ പറയുന്നു. വൈദ്യുതി തടസം പരിഹരിക്കാൻ പ്ലാന്റിനു സമീപം ട്രാൻസ് ഫോർമർ സ്ഥാപിക്കാനുള്ള നടപടികളും എങ്ങുമെത്തിയില്ല.
നഗരത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ കോടികൾ മുടക്കി കൊണ്ടുവന്ന പദ്ധതി ജനങ്ങൾക്ക് ബാദ്ധ്യതയായി മാറുകയാണെന്ന് നഗരസഭ ചെയർമാൻ തോമസ് ജോസഫ് ആരോപിച്ചു. ആലപ്പുഴ കുടിവെള്ള പദ്ധതിയിൽ ചില ഭാഗങ്ങളിൽ പൈപ്പ് പൊട്ടുന്നത് പരിശോധിച്ചുവരികയാണെന്നും ഇതുസംബന്ധിച്ച് ഹൈഡ്രോളിക് പഠനറിപ്പോർട്ട് ഉടൻ ലഭിക്കുമെന്നും യൂഡിസ്മാറ്റ് പ്രതിനിധി യോഗത്തെ അറിയിച്ചു.
പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിച്ചിരുന്ന വിദ്യാലയങ്ങളിലെ ശുചിമുറി അറ്റകുറ്റപ്പണിക്ക് ജില്ലാ ഭരണകൂടത്തിന്റെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് പഞ്ചായത്തുതലത്തിൽ വാർഡ് ഒന്നിന് 25,000 രൂപ നിരക്കിൽ 2.20 കോടി രൂപ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് അനുവദിച്ചിട്ടുണ്ട്.