ചാരുംമൂട് : എസ്.ബി.എെ ചാരുംമൂട് ശാഖയുടെ മുൻപിലെ കാഷ് ഡെപ്പോസിറ്റ് മെഷീനിൽ പണം നിക്ഷേപിക്കാൻ എത്തുന്ന ഉപഭോക്താക്കൾ 'ക്ഷമാപണം' കേട്ട് മടങ്ങുന്നു. മെഷീൻ കാഴ്ച വസ്തുവായിട്ട് ഒരാഴ്ച പിന്നിടുമ്പോഴും തകരാർ പരിഹരിക്കാൻ നടപടിയില്ല.
ഇടപാടുകാരുടെ ആവശ്യത്തെ തുടർന്ന് ഒരുവർഷം മുൻപാണ് മെഷീൻ സ്ഥാപിച്ചത്. ബാങ്ക് കെട്ടിടത്തിനുള്ളിൽ സ്ഥാപിച്ച മെഷീൻ ഇടപാടുകാരുടെ സൗകര്യാർത്ഥം എ.ടി.എം കൗണ്ടറിനു്ള്ളിലേക്ക് മാറ്റി. അതിനാൽ അവധി ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് ഏറെ പ്രയോജനകരമാവുകയും ചെയ്തു . വ്യാപാരികളും ചാരുംമൂട് താമസിക്കുന്ന ആയിരത്തിലധികം ഇതരസംസ്ഥാന തൊഴിലാളികളുമായിരുന്നു മുഖ്യ ഇടപാടുകാർ. എ.ടി.എം കൗണ്ടറിനുള്ളിൽ സ്ഥാപിച്ച് ദിവസങ്ങൾക്കകം മെഷീൻ തകരാറിലാവുകയും ചെയ്തു. തുടർന്ന് തകരാർ പരിഹരിച്ചു. എന്നാൽ അടക്കിടി തകരാർ പതിവായി. ഉപഭോക്താക്കൾ പരാതിപ്പെട്ടാൽ മാത്രം തകരാർ പരിഹരിക്കുന്ന സ്ഥിതിയുമായി. ഏഴ് ദിവസം തുടർച്ചയായി മെഷീൻ പ്രവർത്തിച്ചിട്ടില്ല. പ്രവൃത്തി ദിവസങ്ങളിൽ ബാങ്കിൽ ഇടപാടുകാരുടെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ചെറിയ ഇടപാടുകൾക്കുപോലും മണിക്കൂറുകൾ കാത്തു നിൽക്കേണ്ട അവസ്ഥയാണ്.
ചാരുംമൂട്ടിൽ മറ്റ് ബാങ്കുകൾക്ക് കാഷ് ഡെപ്പോസിറ്റ് മെഷീൻ സൗകര്യമില്ല. എന്നാൽ മെഷീന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനോട് പരാതി പറഞ്ഞാൽ 'മെഷീനാവുമ്പോൾ തകരാറുണ്ടാവും' എന്നാണത്രെ മറുപടി. മെഷീൻ പ്രവർത്തിക്കാത്തതിനാൽ നാലും അഞ്ചും കിലോമീറ്റർ താണ്ടി നൂറനാട്ടോ പള്ളിക്കലോ എത്തി ഇടപാട് നടത്തേണ്ട സാഹചര്യമാണുള്ളത്. എ.ടി. എം കൗണ്ടർ കാര്യക്ഷമമായി പ്രവർത്തിക്കുന്നുമുണ്ട്.
.................................................
'നാട്ടിലേക്ക് പണം അയ്ക്കാൻ എത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് ബുദ്ധിമുട്ടുന്നത്. വ്യാപാരികളും ദുരിതത്തിലാണ്. അടിയന്തരമായി പ്രശ്നം പരിഹരിക്കണം''
(അനീസ് ബദറുദ്ദീൻ, പ്രസിഡന്റ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ചാരുംമൂട് യൂണിറ്റ്)