മാവേലിക്കര: ശരണാരവം മുഴക്കാനുള്ള അവകാശത്തിന് വായ്മൂടി കെട്ടി മൂന്നു മണിക്കൂർ പ്രതിഷേധിച്ച് അയ്യപ്പന്മാർ. ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ ദേവസ്വം ബോർഡ് സബ് ഗ്രൂപ്പ് ഓഫീസ് പടിക്കലാണ് അമ്പതിലധികം അയ്യപ്പന്മാർ വ്യത്യസ്തമായി പ്രതിഷേധിച്ചത്. കായംകുളം പുതിയിടം കേന്ദ്രമായ അയ്യപ്പസ്വാമി ദർശന പദയാത്രാസംഘമാണ് ഡി.അശ്വിനിദേവിന്റെ നേതൃത്വത്തിൽ ഇന്നലെ വായ് മൂടികെട്ടി കുത്തിയിരുന്നത്.
20 വർഷമായി 41 ദിവസത്തെ വ്രതാനുഷ്ഠാനത്തോടെയാണ് സംഘം ശബരിമല ദർശനം നടത്തുന്നത്. എരുമേലി-അഴുത കാനന പാതയിലൂടെയാണ് സംഘം സന്നിധാനത്തെത്തുന്നത്. 108 സ്വാമിമാരാണ് 41 ദിവസം വ്രതമെടുത്ത് മലയ്ക്ക് പോകുന്നത്. ഇവർ പുതിയിടം ശ്രീകൃഷ്ണ ക്ഷേത്രസന്നിധിയിൽ കുടിൽ കെട്ടിയാണ് വ്രതമനുഷ്ഠിക്കുന്നത്. ഗുരുസ്വാമിമാരായ വെങ്കിടേശ്, ഹരിക്കുട്ടൻ, രാജീവ് എന്നിവരും പരിപാടിക്ക് നേതൃത്വം നല്‍കി.