palamel-kudumba-arogyaken

ചാരുംമൂട്: ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകളുടെ വിതരണം മുടങ്ങി ഒന്നര മാസം പിന്നിട്ടിട്ടും പാലമേൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇവയെത്തിക്കാൻ നടപടിയില്ല. കൊളസ്ട്രോൾ, രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക് അപ്പോഴത്തെ ചികിത്സ മാത്രം നല്കി പറഞ്ഞയയ്ക്കുകയാണ് ചെയ്യുന്നത്.

ജീവിത ശൈലീ രോഗങ്ങൾക്ക് സ്ഥിരമായി മരുന്ന് കഴിക്കേണ്ടതുണ്ട്. മരുന്ന് വിതരണം മുടങ്ങിയത് പാവപ്പെട്ട രോഗികളെ ഏറെ ദുരിതത്തിലാഴ്ത്തുന്നു. ദിവസവും നൂറുകണക്കിന് രോഗികളാണ് ഉളവുകാട് പ്രവർത്തിക്കുന്ന പാലമേൽ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ജീവിതശൈലീ രോഗങ്ങൾക്ക് ചികിത്സ തേടുന്നത്. ജില്ലാ എൻ.സി.ഡി ഓഫീസ് നടപ്പാക്കിയ ജീവിതശൈലീ രോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി രജിസ്റ്റർ ചെയ്ത് മരുന്നിനും ചികിത്സയ്ക്കുമായി ഇവിടെ എത്തുന്നത് അഞ്ഞൂറിൽപ്പരം രോഗികളാണ്. ഇത്തരം രോഗങ്ങൾ പിടിപെട്ട് ചികിത്സ തേടുന്നവരിൽ അധികം പേരും യാതൊരു വരുമാന മാർഗവും ഇല്ലാത്തവരാണ്. സൗജന്യ മരുന്ന് വിതരണം ഇവർക്ക് ആശ്വാസമായിരുന്നു.

ഡോക്ടർ കുറിച്ചു കൊടുക്കുന്ന മരുന്നുകൾ പുറത്തു നിന്ന് വാങ്ങാൻ മുന്നൂറ് മുതൽ അഞ്ഞൂറ് രൂപവരെ വേണ്ടിവരുമെന്ന് രോഗികൾ ചൂണ്ടിക്കാട്ടുന്നു. വരുമാനമില്ലാത്തതിനാൽ ഇവർക്ക് മരുന്നുകൾ സമയത്ത് കഴിക്കാനും കഴിയുന്നില്ല. രോഗത്തിന്റെ തീവ്രത കൂടാനും സാദ്ധ്യത ഏറെയാണ്.

..............................

'ഒാർഡർ നല്കിയിട്ടും മരുന്നുകൾ എത്തുന്നില്ല. രോഗികളുടെ ബുദ്ധിമുട്ട് അറിയാം. ഈ ആഴ്ച മരുന്നുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. ആശുപത്രിയുടെ ഭാഗത്ത് വീഴ്ചയില്ല''

(ആശുപത്രി അധികൃതർ)