ആലപ്പുഴ : വണ്ടാനം, പറവൂർ ഭാഗങ്ങളിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ റെയ്ഡിൽ ഒരു കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. വണ്ടാനം കുറ്റിപ്പുറം വീട്ടിൽ നാസിഫ് (26), കാക്കാഴം തോപ്പിൽ വീട്ടിൽ അൻസിൽ (25 ) എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച യമഹ ഫാസിനൊ സ്കൂട്ടറുംകസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെ വാഹന പരിശോധനയ്ക്കിടയിലാണ് ഇവർ പിടിയിലായത്. കഴിഞ്ഞ ദിവസങ്ങളിൽ വണ്ടാനം മേഖലയിൽ എക്സൈസ് നടത്തിയ റെയ്ഡിൽ ലഹരി ഗുളികയുമായി ഒരാളെ പിടികൂടിയിരുന്നു. തുടർന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ ഇൗ പ്രദേശത്ത് നിരീക്ഷണവും രാത്രികാല പട്രോളിംഗും ശക്തമാക്കിയിരുന്നു. നാസിഫ് ആണ് സംഘത്തിലെ പ്രധാനി. മധുര,കമ്പം തുടങ്ങിയ സ്ഥലങ്ങളിലെ മൊത്ത വില്പനക്കാരുടെ കൈയിൽ നിന്നും കഞ്ചാവ് ശേഖരിച്ചാണ് ഇവർ വില്പന നടത്തിയിരുന്നത്. സി.ഐ വി റോബർട്ടിന്റെ നിർദ്ദേശാനുസരണം എക്സൈസ് ഇൻസ്പെക്ടർ അമൽ രാജന്റെ നേത്യത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ എ കുഞ്ഞുമോൻ, എം ബൈജു, ജി. അലക്സാണ്ടർ, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്.ആർ റഹീം, പി അനിലാൽ, റ്റി.ജിയേഷ്, അഭിലാഷ് വി.എ, അരുൺ എൻ.പി, കെ.വി അശോകൻ, എസ്സ്. അരുൺ എന്നിവരാണ് പരിശോധന നടത്തിയത്.