ഹരിപ്പാട്: പന്ത്രണ്ടുകാരിയായ ഏഴാംക്ളാസ് വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ മുതുകുളം തെക്ക് കാട്ടിൽ പടീറ്റതിൽ ശരത്തിനെ (24) കനകക്കുന്ന് പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ കനകക്കുന്ന് ജെട്ടിക്ക് സമീപത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. 16ന് വൈകിട്ട് പെൺകുട്ടിയുടെ വീട്ടിൽവച്ചാണ് പീഡന ശ്രമം നടന്നത്. സ്‌കൂൾ വിട്ടെത്തിയപ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. കുളി കഴിഞ്ഞ ശേഷം മുറിയിലേക്ക്എത്തിയ പെൺകുട്ടിയെ ഒളിച്ചിരുന്ന പ്രതി കടന്നുപിടിച്ചു. ബഹളം വച്ചപ്പോൾ വായ പൊത്തിപ്പിടിച്ചു. പെൺകുട്ടി കൈയിൽ കടിച്ചതോടെയാണ് പ്രതി പിടിവിട്ടത്. തുടർന്ന് പുറത്തേക്കോടി പെൺകുട്ടി രക്ഷപ്പെട്ടു. ട്യൂഷൻ അദ്ധ്യാപികയോട് വിവരങ്ങൾ പറഞ്ഞതോടെയാണ് സംഭവം വീട്ടുകാർ അറിഞ്ഞത്. ഏഴു മാസം മുൻപാണ് ശരത് വിവാഹിതനായത്. പ്രതിയെ റിമാൻഡ് ചെയ്തു.