...........................................
ഇൗ വർഷം പിടികൂടിയത്: 32 കിലോ കഞ്ചാവ്
കേസുകൾ: 525
പിടിയിലായത്: 622 പേർ.
കഴിഞ്ഞ വർഷം: 6 കിലോ
കേസുകൾ: 380
പിടിയിലായത്: 519 പേർ
...................................
ആലപ്പുഴ: ജില്ലയിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കഞ്ചാവ് 'ഉപഭോക്താ 'ക്കളുടെ എണ്ണവും പിടികൂടുന്ന ലഹരി വസ്തുക്കളുടെ തൂക്കവും കൂടുന്നത് ഉദ്യോഗസ്ഥരെ ഉൾപ്പെടെ കുഴയ്ക്കുന്നു. പിടിയിലായവരിൽ കൂടുതലും 16നും 30നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളും യുവാക്കളുമാണ്.
കഴിഞ്ഞ വർഷം നാർക്കോട്ടിക് സെൽ വിഭാഗം നടത്തിയ പരിശോധനയിൽ മാത്രം ജില്ലയിൽ 380 കേസുകളിലായി ആറുകിലോഗ്രാം കഞ്ചാവാണ് പിടികൂടിയതെങ്കിൽ ഇൗ വർഷം 525 കേസുകളിലായി 32 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ചേർത്തലയിൽ നിന്ന് 10 കിലോ കഞ്ചാവാണ് പിടികൂടിയത്. നാർക്കോട്ടിക് സെൽ, പൊലീസ്, എക്സൈസ് വിഭാഗങ്ങളുടെ നിരീക്ഷണങ്ങൾക്കിടയിലും ജില്ലയിൽ ലഹരി മാഫിയാ സംഘങ്ങൾ പിടിമുറുക്കുകയാണ്.
ജില്ലയിൽ ആലപ്പുഴ നഗരം, ഓമനപ്പുഴ തീരം, മണ്ണഞ്ചേരി, മാവേലിക്കര, കായംകുളം, അരൂർ, ചന്തിരൂർ, കുത്തിയതോട്, പൂച്ചാക്കൽ, കലവൂർ എന്നിവിടങ്ങളിൽ ലഹരി മാഫിയകൾ ശക്തമാണെന്ന് മുമ്പ് പൊലീസ് ഇന്റലിജന്റ്സ് കണ്ടെത്തിയിരുന്നു. കഞ്ചാവിനു പുറമേ എൽ.എസ്.ഡി, എം.എസ്.എം.ഡി, നൈട്രോസിൻ ഗുളികകൾ, ചുമയ്ക്കുള്ള സിറപ്പ്, വൈറ്റ്‌നറുകൾ തുടങ്ങിയവയും വ്യാപകമായി എത്തിക്കുന്നുണ്ട്. വിനോദ സഞ്ചാര മേഖലയിലും ലഹരി വില്പന സംഘങ്ങൾ പിടിമുറുക്കുന്നതായി ആൾ കേരള ഹൗസ് ബോട്ട് ഒാപ്പറേറ്റേഴ്സ് ആൻഡ് ഒാണേഴ്സ് അസോസിയേഷനും ഹോംസ്റ്റേ അസോസിയേഷൻ ഭാരവാഹികളും പൊലീസിൽ മുൻപ് പരാതി നൽകിയിരുന്നു.
കഴിഞ്ഞ ജൂണിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 10 ലക്ഷം രൂപയോളം വരുന്ന കഞ്ചാവ് ആർ.പി.എഫ് പിടികൂടിയിരുന്നു. ജൂൺ- ജൂലായ് മാസങ്ങളിൽ ജില്ലയിൽ 33 കേസുകളിലായി 45 പേരെയാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്.
................................................
വിദ്യാർത്ഥികൾ പ്രധാന കണ്ണികൾ
ടൂറിസം മേഖലയിൽ കഞ്ചാവ് എത്തിക്കുന്നതിൽ പ്രധാനികൾ വിദ്യാർത്ഥികളാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. വലിയ സാമ്പത്തിയ നേട്ടം ലക്ഷ്യമാക്കിയാണ് വിദ്യാർത്ഥികൾ ഇതിന് തയ്യാറാകുന്നത്.
ഹൗസ്ബോട്ട് യാത്രയ്ക്കെത്തിക്കുന്നവരെയാണ് ഇത്തരം സംഘങ്ങൾ ലക്ഷ്യമാക്കുന്നത്.
വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിക്കുന്നവരെക്കുറിച്ച് കൃത്യമായ വിവരം ലഭിക്കാത്തതിനാൽ ഇവരെ പിടികൂടിയാലും എക്‌സൈസ് ഉദ്യോഗസ്ഥരുടെ തുടർ പരിശോധന തടസപ്പെടുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേര് മോശമാകുന്നമെന്ന കാരണത്താൽ പലപ്പോഴും ഉദ്യോഗസ്ഥരിൽ നിന്ന് സ്കൂൾ അധികൃതരും വിവരങ്ങൾ മറച്ചുവെയ്ക്കുന്നത് പരിശോധനയ്ക്ക് തിരിച്ചടിയാകുന്നു.