ചാരുമൂട്: പ്രളയത്തെ അതിജീവിച്ചെങ്കിലും ക്ഷീര കർഷകർക്ക് ഇനിയും പ്രതിസന്ധികളേറെ. വയലേലകളും ആറ്റിറമ്പുകളും വീണ്ടും പച്ചപ്പണിഞ്ഞതോടെ കാലി വളർത്തൽ സജീവമായിട്ടുണ്ട്. പ്രളയശേഷം മൃഗ സംരക്ഷണ വകുപ്പ് നടത്തിയ ക്യാമ്പുകളും കാലിത്തീറ്റ വിതരണവും അതിജീവനത്തിന് കൈത്താങ്ങായി. ഇപ്പോൾ മിക്ക ക്ഷീര സഹകരണ സംഘങ്ങളിലും ശേഖരിക്കുന്ന പാലിന്റെ അളവിൽ വർദ്ധന ഉണ്ടായിട്ടുണ്ട്. എന്നാൽ മികച്ച തൊഴുത്തിന്റെ അഭാവം മുതൽ കന്നുകാലി കച്ചവടത്തിൽ ഇടനിലക്കാരുടെ ചൂഷണം വരെയുള്ള പ്രതിസന്ധികളാണ് കർഷകർ നേരിടുന്നത്.

 ഇടനിലക്കാരുടെ ചൂഷണം

പ്രളയശേഷം പശുക്കൾക്ക് ആവശ്യമേറിയുണ്ടെങ്കിലും ലഭ്യത കുറവാണ്.മുന്തിയ ഇനം കറവപ്പശുവിന്,​ ലഭിക്കുന്ന പാലിന്റെ അളവനുസരിച്ച് 30,​000 മുതൽ 60,​000 രൂപ വരെ വിലയുണ്ട്. എന്നാൽ ആവശ്യക്കാരായി എത്തുന്ന ഇടനിലക്കാർ വില ഉറപ്പിച്ച് മറിച്ച് കച്ചവടം നടത്തുന്ന രീതിയാണ് ഉള്ളത്. മാംസ ആവശ്യത്തിനുള്ള കന്നുകാലികൾക്ക് 30,​000 രൂപ വരെ വിലയുണ്ട്. എന്നാൽ പ്രാദേശികമായി ഉണ്ടായിരുന്ന അനധികൃത അറവുശാലകൾ നിരോധിച്ചതിനുശേഷം ഇടനിലക്കാ‌ർ എത്തി കുറഞ്ഞ വില ഉറപ്പിച്ച് വാങ്ങി കൊണ്ടു പോവുകയാണ് പതിവ്.

 ചന്തകൾ വേണം

കർഷകർക്ക് ന്യായ വില ലഭിക്കുന്നതിന് ഗ്രാമ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പഞ്ചായത്തുതലത്തിൽ കന്നുകാലി ചന്തകൾ പ്രവർത്തിപ്പിക്കാനോ അംഗീകൃത ഏജൻസിയെ നിയമിക്കാനോ നടപടി വേണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കുറഞ്ഞ ചിലവിൽ ആരോഗ്യകരമായ തൊഴുത്ത നിർമ്മിക്കാനും നടപടി വേണം. ചില പഞ്ചായത്തുകളിൽ ഇതിനുള്ള ശ്രമം ഉണ്ടെങ്കിലും തൊഴിലാളികൾക്ക സാങ്കേതിക പരിശീലന ത്തിന്റെ അബാവം കാരണം നിർമ്മാണ ജോലികൾ പൂർണമായി അവർക്ക് നിർവഹിക്കാൻ കഴിയുന്നില്ല.

 തീറ്റയുടെ വില

ഇന്ധന വില വർദ്ധന കാലിത്തീറ്റ വിലയിൽ പ്രകടമാണെന്ന് കർഷകർ പറയുന്നു. ഗുണനിലവാരം കൂടുതലുള്ള 50 കിലോ വരുന്ന ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 1140 രൂപയാണ്. വീട്ടിലെത്തിക്കാൻ വാഹന കൂലി അടക്കം 1300 രൂപയിലധികം നല്കണം. വൈക്കോലിന് വില കുറഞ്ഞു നിൽക്കന്നത് മാത്രമാണ് ഏക ആശ്വാസം. അമിത അളവിൽ യൂറിയ ചേർത്തിട്ടുള്ള കാലിത്തീറ്രയും കാലിത്തീറ്റയിലെ മറ്റ് മായങ്ങളും കാരണം പശുക്കളുടെ ഗർഭധരണശേഷി കുറയുന്നതായും കർഷകർക്ക് പരാതിയുണ്ട്.