vellapalli-natesan

ആലപ്പുഴ: പിന്നാക്ക സമുദായത്തിന്റെ സാമ്പത്തിക- വിദ്യാഭ്യാസ പുരോഗതിക്കായി രൂപീകരിച്ച പിന്നാക്ക ക്ഷേമ വകുപ്പിന്റെ പ്രവർത്തനം പുനഃസ്ഥാപിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അമ്പലപ്പുഴ യൂണിയൻ സംഘടിപ്പിച്ച മെരിറ്റ് ഈവനിംഗും പ്രതിഭകളെ ആദരിക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

'കഴിഞ്ഞ സർക്കാരിന്റെ കാലത്ത് യൂത്ത് മൂവ്മെന്റ് പ്രവർത്തകർ സമരം നടത്തി നേടിയെടുത്ത വകുപ്പിന്റെ പ്രവർത്തനം ഇടത് സർക്കാർ അധികരത്തിൽ വന്ന ശേഷം തകർന്നു. മുന്നാക്കക്കാർക്ക് ക്യാബിനറ്റ് പദവിയോടെ മുന്നാക്ക വികസന കോർപ്പറേഷൻ രൂപീകരിച്ചു നൽകി. ന്യൂനപക്ഷത്തിനും പട്ടിക ജാതിക്കാർക്കും വിദ്യാഭ്യാസ സഹായം മറ്റു വിധത്തിൽ നൽകുന്നുണ്ട്. ഈഴവരാദി പിന്നാക്ക സമുദായങ്ങളുടെ വളർച്ചയെ പിന്നിലേക്ക് അടിക്കുന്ന പ്രവർത്തനമാണ് പിന്നാക്ക വികസന ക്ഷേമ വകുപ്പിന്റെ നിർജീവ അവസ്ഥയിലൂടെ ഉണ്ടായത്. വിദ്യാഭ്യാസ, ഭരണ, സാമ്പത്തിക മേഖലകളിൽ പിന്നാക്കാർക്ക് സാമൂഹ്യനീതി നിഷേധിക്കുന്നു. സാമ്പത്തിക അടിത്തറയുണ്ടെങ്കിലേ വിദ്യാഭ്യാസ പുരോഗതി കൈവരിക്കാൻ കഴിയൂ. ഗുരുദേവന്റെ വിദ്യാഭ്യാസ ദർശനങ്ങൾ ഉൾക്കൊണ്ടതു കൊണ്ടാണ് സമുദായം മുന്നേറുന്നത്. ഭ്രാന്താലയമായ നാടിനെ മനുഷ്യാലയമാക്കിയത് ഗുരുദേവന്റെ ചിന്തയും ദർശനങ്ങളുമാണ്. ഗുരുവിന്റെ വിദ്യാഭ്യാസ ചിന്തകൾക്ക് അനുസരിച്ച് സമുദായത്തിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിച്ചത് ആർ.ശങ്കറാണ്. ഗുസ്തിയിലും കരാട്ടെയിലും മുന്നിലെത്താൻ പരിശ്രമിക്കുന്ന, സമുദായത്തിലെ വിദ്യാർത്ഥികൾ സിവിൽ സർവ്വീസ് പരീക്ഷകളിൽ മുന്നേറാനുള്ള കഠിന പരിശ്രമം നടത്തണം.

പ്രളയാനന്തര കേരളത്തെ സഹായിക്കണമെന്ന സർക്കാർ നിർദ്ദേശത്തോട് പൂർണ്ണമായും സഹകരിച്ചവരാണ് നമ്മൾ. ഒരുമാസത്തെ ശമ്പളം നൽകണമെന്ന സർക്കാർ നിർദ്ദേശം, എസ്.എൻ ട്രസ്റ്റിന്റെയും എസ്.എൻ.ഡി.പി യോഗത്തിന്റെയും കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളിലെയും ജീവനക്കാർ പൂർണ്ണമായി അംഗീകരിച്ചു. മറ്റുള്ള സംഘടനകൾ നവോത്ഥാനത്തെകുറിച്ച് പ്രസംഗിക്കുക മാത്രമാണ് ചെയ്യുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വയലാർ അവാഡ് ജേതാവായ കെ.വി. മോഹൻകുമാറിനെ വെള്ളാപ്പള്ളി നടേശൻ ഉപഹാരം നൽകി ആദരിച്ചു. യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ വിഭാഗത്തിനുള്ള ഡോ. പല്പു മെമ്മോറിയൽ അവാർഡ്, എൻജിനിയറിംഗ് വിഭാഗത്തിനുള്ള കുമാരനാശാൻ മെമ്മോറിയൽ അവാർഡ് എന്നിവ ഡോ. വി.രാംലാലും പി.ജി വിദ്യാർത്ഥികൾക്കുള്ള ആർ.ശങ്കർ അവാർഡ്, ഡിഗ്രി വിദ്യാർത്ഥികൾക്കുള്ള പി.കെ.മഹീധരൻ മെമ്മോറിയൽ അവാർഡ് എന്നിവ അഡ്വ. സി.വി.ലുമുംബയും സമ്മാനിച്ചു. ആർ.കൃഷ്ണൻ, വിവേക് വേണുഗോപാൽ, നഗരസഭാ വൈസ് ചെയർപേഴ്സൺ ജ്യോതിമോൾ, ഡോ. സേതുരവി എന്നിവർ മറ്റ് അവാർ‌ുകൾ വിതരണം ചെയ്തു . യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ സ്വാഗതവും വൈസ് പ്രസിഡന്റ് ബി.രഘുനാഥ് നന്ദിയും പറഞ്ഞു.

.