nooranadu-vellakettu
ഇന്നലെ വൈകിട്ട് നാലു മണിക്ക് പെയ്ത മഴയെത്തുടർന്ന്‌ നൂറനാട് ജംഗ്ഷനിൽ രൂപപ്പെട്ട വെള്ളക്കെട്ട്

ചാരുംമൂട്: മഴ പെയ്താൽ നൂറനാട് ജംഗ്ഷൻ വെള്ളക്കെട്ടിലാവും. കഴിഞ്ഞ ദിവസം വൈകിട്ട് അര മണിക്കൂർ മഴ പെയ്തതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം താറുമാറായി.

റോഡിനു വടക്കുഭാഗത്തെ ഒാടയിൽ മാലിന്യവും മണ്ണും നിറഞ്ഞ് കിടക്കുന്നതിനാൽ ഒഴുക്ക് നിലച്ച അവസ്ഥയിലാണ്. ജംഗ്ഷനിലെ വെള്ളക്കെട്ട് നീക്കണമെന്ന് കച്ചവടക്കാരുടെയും വാഹന യാത്രക്കാരുടെയും ആവശ്യത്തെ തുടർന്ന് മൂന്നു മാസം മുൻപ് പൊതുമരാമത്ത് നിരത്തു വിഭാഗം കറ്റാനം ഓഫീസ് അധികാരികൾ ഒാടയിലെ മണ്ണ് നീക്കം ചെയ്യാൻ തുടക്കമിട്ടു. എന്നാൽ പാതിവഴിയിൽ പണി നിറുത്തുകയും ചെയ്തു. ഓടയിൽ നിന്ന് നീക്കം ചെയ്ത മണ്ണ് സമീപത്തായി കൂട്ടിയിട്ട നിലയിലാണ്. മഴയിൽ മണ്ണ് വീണ്ടും ഒാടയിലേക്ക് എത്തുകയും ചെയ്തു.

ജംഗ്ഷനിലെ പച്ചക്കറിക്കട മുതൽ കിഴക്ക് പൊലീസ് സ്റ്റേഷൻ ഭാഗം വരെ ഓട ശുചീകരിക്കാതെ വെള്ളക്കെട്ടിന് പരിഹാരമാവില്ല. ഓടയ്ക്കു മുകളിൽ സ്ഥാപിച്ച സ്ലാബ് ഇളക്കി മാറ്റിയാൽ മാത്രമേ പൂർണമായി വൃത്തിയാക്കാൻ കഴിയുകയുള്ളൂവെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. കെ.പി റോഡിൽ നൂറനാട് ജംഗ്ഷനിലെ കല്യാണമണ്ഡപം മുതൽ കിഴക്ക് എരുമക്കുഴി എൽ.പി സ്കൂൾ ഭാഗം വരെയുള്ള റോഡിലാണ് വെള്ളക്കെട്ട് രൂക്ഷം. രണ്ടു ഭാഗത്തു നിന്ന് ഒഴുകിയെത്തുന്ന വെള്ളം കാവുംപാട് ജമാഅത്ത് റോഡിലെ ഓടയിലൂടെ കനാലിൽ എത്തുകയായിരുന്നുപതിവ്. അടിക്കടി ഉണ്ടാകുന്ന വെള്ളക്കെട്ട് വ്യാപാര സ്ഥാപനങ്ങളുടെയും പ്രവർത്തനത്തെ ബാധിക്കുന്നതായി വ്യാപാരികൾ പരാതിപ്പെടുന്നു.