ആലപ്പുഴ: ആരോഗ്യ രംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനായി ആവിഷ്‌കരിച്ച ആർദ്രം പദ്ധതി ജില്ലയിൽ നേട്ടങ്ങളിലേക്ക്. കിടത്തി ചികിത്സ ആവശ്യമില്ലാത്ത രോഗികൾക്ക് ആശുപത്രികളിൽ സൗഹാർദ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പദ്ധതിയുടെ നടത്തിപ്പിന് ദേശീയ ആരോഗ്യ മിഷൻ, പ്രദേശിക സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സജീവ സഹകരണവും ഉണ്ടാകും. ഹൃദ്രോഗം, കാൻസർ തുടങ്ങിയ മാരകരോഗങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ആർദ്രം പദ്ധതിക്ക് തുടക്കം കുറിച്ചത്. രണ്ട് ഘട്ടങ്ങളായാണ് ജില്ലയിൽ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി പാലമേൽ, കലവൂർ, ചെന്നിത്തല, കണ്ടല്ലൂർ എന്നീ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണ് രോഗീസൗഹൃദപരമായ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറിയത്.
വെബ്സൈറ്റ് വഴി രോഗനിർണയത്തിനുള്ള സമയം, രോഗികൾക്കായുള്ള രജിസ്‌ട്രേഷൻ കേന്ദ്രങ്ങൾ, ഓരോ വിദഗ്ദ്ധന്റെയും മുറിക്ക് മുന്നിൽ ഇലക്ട്രോണിക് ബോർഡുകൾ, കാത്തിരിപ്പു മേഖലയിൽ അടിസ്ഥാനസൗകര്യങ്ങൾ, സ്ഥലം കൃത്യമായി നിർണയിക്കാനുള്ള മാപ്പുകളും ചിഹ്നങ്ങളും, സ്വകാര്യത ഉറപ്പാക്കാനായി പരിശോധന നടക്കുന്ന സ്ഥലത്തിനും പരിശോധന മേശയ്ക്കും കർട്ടൻ മറകൾ, ഓരോ രോഗങ്ങളുടെയും ചികിത്സാഘട്ടങ്ങൾ കൃത്യമായി പ്രദർശിപ്പിക്കുന്ന ബോർഡുകൾ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായുണ്ടാകും.