01
എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ:കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ ഭരണഘടനാ അനുസൃതമായ ഉദ്യോഗ സംവരണം ഉറപ്പാക്കണമെന്ന് എസ്.എൻ.ഡി.പി യോഗം കൗൺസിൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.കെ.എ.എസുമായി ബന്ധപ്പെട്ട ചട്ടങ്ങളും നിർദ്ദേശങ്ങളും പുനഃപരിശോധിക്കണം.ഇക്കാര്യത്തിൽ തീർപ്പ് കൽപ്പിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാവരുമായി ചർച്ച നടത്തണമെന്നും അതുവരെ തുടർ നടപടികൾ നിറുത്തിവയ്ക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.

ഭരണ വകുപ്പും നിയമ സെക്രട്ടറിയും കെ.എ.എസിലെ മൂന്ന് വിഭാഗത്തിലെയും മുഴുവൻ തസ്തികകളിലും ഭരണഘടനാനുസൃതമായ സംവരണം ശുപാർശ ചെയ്തിട്ടുണ്ട്.എന്നാൽ സംവരണം പാലിക്കേണ്ടതില്ലെന്ന ഉപദേശമാണ് അഡ്വക്കേറ്റ് ജനറൽ നൽകിയിരിക്കുന്നത്. മൂന്ന് സ്ട്രീമിലും സംവരണം പാലിക്കണമെന്ന സുതാര്യവും സുവ്യക്തവുമായ ഉപദേശമാണ് നിയമവകുപ്പ് സെക്രട്ടറി നൽകിയത്.ഈ ശുപാർശ അവഗണിച്ച് അഡ്വക്കേറ്റ് ജനറലിൽ നിന്ന് കൗശലപൂർവം നേടിയ ഉപദേശം സ്വീകരിച്ചാൽ അത് പിന്നാക്ക സമുദായങ്ങൾക്ക് അപരിഹാര്യമായ കഷ്ടനഷ്ടങ്ങൾ ഉണ്ടാക്കും.അങ്ങനെ ചെയ്താൽ കെ.എ.എസിലേയ്ക്ക് ഉണ്ടാകുന്ന 150 തസ്തികകളിൽ 25എണ്ണം മാത്രമേ പിന്നാക്ക സമുദായങ്ങൾക്ക് ലഭിക്കുകയുള്ളൂ.75 തസ്തികകൾ നിയമാനുസൃതം ലഭിക്കാൻ അർഹതയുണ്ട്. 8 വർഷം കഴിഞ്ഞാൽ സംസ്ഥാനത്ത് ഒ.ബി.സി വിഭാഗത്തിൽ നിന്നു 60 പേരും പട്ടിക വിഭാഗത്തിൽ നിന്നു 15 പേരും ഐ.എ.എസിൽ എത്തേണ്ടതാണ്.അഡ്വക്കേറ്റ് ജനറലിന്റെ ശുപാർശ മുഖ്യമന്ത്രി സ്വീകരിച്ചാൽ 60 ഒ.ബി.സിക്കാരുടെ സ്ഥാനത്ത് 20 പേരും 15 പട്ടിക വിഭാഗക്കാരുടെ സ്ഥാനത്ത് 5 പേരും മാത്രമാകും ഐ.എ.എസിൽ എത്തുക.ഈ കുറവ് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.അർഹമായ അധികാര പങ്കാളിത്തം ഭരണ ഘടനാ അവകാശവും മൗലി​ക അവകാശവുമാണ്.പിന്നാക്ക സമുദായങ്ങളെ ഒഴിവാക്കണമെന്ന ഗൂഢതാത്പര്യമുള്ള സവർണ ശക്തികളാണ് ഇതിന് പിന്നിലെന്നും കൗൺസിൽ ചൂണ്ടികാട്ടി.

ദേവസ്വം ബോർഡുകളിൽ സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്തി​രിയണം. മുന്നാക്ക ജാതി സംവരണവും സാമ്പത്തിക സംവരണവും ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീംകോടതിയുടെ 9 അംഗ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി നിലനിൽക്കെ ദേവസ്വം ബോർഡുകളിൽ സാമ്പത്തികസംവരണം നടപ്പിലാക്കാൻ സർക്കാർ ഒത്താശ നൽകിയത് പ്രതിഷേധാർഹമാണ്.കേരളത്തിലെ 80ശതമാനം വരുന്ന പട്ടിക,പിന്നാക്ക വിഭാഗങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായ ഒരു നടപടിയും മുഖ്യമന്ത്രി സ്വീകരിക്കിക്കരുതെന്നും നീതി പൂർവമായ അടിയന്തര നടപടികൾ ഉണ്ടാകണമെന്നും കൗൺസിൽ അംഗീകരിച്ച നിവേദനത്തിൽ പറഞ്ഞു.