പൂട്ടില്ലെന്ന് ഉറപ്പുലഭിച്ചതായി കെ.സി
കായംകുളം: അഭിമാനകരമായ ഒട്ടേറെ നേട്ടങ്ങളുണ്ടാക്കിയ കായംകുളം കൃഷ്ണപുരത്തെ തോട്ടവിള ഗവേഷണകേന്ദ്രത്തിന് (സി.പി.സി.ആർ.ഐ) ഏതു നിമിഷവും കേന്ദ്രസർക്കാർ താഴിടുമെന്നിരിക്കെ, ആശങ്കയിലാണ് ശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ള ജീവനക്കാരും സംസ്ഥാനത്തെ കാർഷിക മേഖലയും. എന്നാൽ സ്ഥാപനം പൂട്ടില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി ഉറപ്പു നൽകിയതായി കെ.സി. വേണുഗോപാൽ എം.പി അറിയിച്ചു.
കേരളത്തിലെയും കർണാടകത്തിലെയും ഓരോ പ്രാദേശിക ഗവേഷണ കേന്ദ്രങ്ങൾ പൂട്ടാനും സി.പി.സി.ആർ.ഐ മേധാവിയുടെ നാടായ ആന്ധ്രാപ്രദേശിൽ ഒരു ഗവേഷണ കേന്ദ്രം ആരംഭിക്കാനുമാണ് കേന്ദ്ര നീക്കമെന്ന് സൂചനയുണ്ട്. 65 ഏക്കറിന്റെ വിശാലതയിൽ 1937ൽ പ്രവർത്തനം ആരംഭിച്ച ഇവിടെ 14 ശാസ്ത്രജ്ഞർ ഉൾപ്പെടെ 64 പേർ ജോലി ചെയ്യുന്നുണ്ട്.
2017 മാർച്ചിൽ ഭാരതീയ കാർഷിക ഗവേഷണ കേന്ദ്രം, ഇതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരുടെ പ്രവർത്തനവും മറ്റും പഠിക്കാനായി ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. 2018 ഒക്ടോബർ 29ന് അവർ റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ടാണ് തോട്ടവിള ഗവേഷണ കേന്ദ്രത്തിന് വിനയായത്. ലിസ്റ്റിൽപ്പെട്ട പ്രാദേശിക കേന്ദ്രങ്ങൾ അടച്ചു പൂട്ടുന്നതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിച്ച് അറിയിക്കാൻ മേധാവികൾക്ക് ഭാരതീയ കാർഷിക ഗവേഷണ കേന്ദ്രം നിർദ്ദേശവും നൽകിക്കഴിഞ്ഞു.
എട്ട് പതിറ്റാണ്ടുകൊണ്ട് കർഷകർക്ക് ഗുണകരമാകുന്ന ഒട്ടേറെ കണ്ടുപിടുത്തങ്ങൾ നടത്താനും കർഷകർക്കും ഉദ്യോഗസ്ഥർക്കും പരിശീലനങ്ങൾ നൽകാനും ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. പലഗവേഷണങ്ങളും പാതിവഴിയിൽ നിൽക്കവേയാണ് കേന്ദ്രസർക്കാർ ചുവപ്പുകൊടി കാട്ടിയത്.
കാറ്റുവീഴ്ച രോഗത്തിന്റെ കാരണം കണ്ടെത്തി പരിചരണ മുറകൾ വികസിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് എടുത്തുപറയേണ്ട നേട്ടം. കാറ്റുവീഴ്ചയെ ചെറുക്കുന്ന രണ്ടിനം തെങ്ങിൻ തൈകൾ ഇവിടത്തെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തു. കഴിഞ്ഞ പത്ത് വർഷം കൊണ്ട് ഒന്നരലക്ഷത്തോളം തൈകൾ വിതരണം ചെയ്തു. തെങ്ങിനെ ബാധിക്കുന്ന പ്രധാന രോഗങ്ങളെയും കീടങ്ങളെയും നിയന്ത്രിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കാനും കഴിഞ്ഞു. തെങ്ങിന് പോഷണം നൽകുന്ന പോഷക മിശ്രിതവും നിർമ്മിച്ചു. 'ഇ കൽപ' എന്ന മൊബൈൽ ആപ്ളിക്കേഷനും കേന്ദ്രത്തിലെ ശാസ്ത്രജ്ഞരുടെ സംഭാവനയാണ്.
ആശങ്ക വേണ്ട: കെ.സി
കായംകുളം: കൃഷ്ണപുരത്തെ തോട്ടവിള ഗവേഷണ കേന്ദ്രം അടച്ചുപൂട്ടില്ലെന്നു കേന്ദ്ര കൃഷിമന്ത്രി രാധാ മോഹൻ സിംഗ് ഉറപ്പു നൽകിയതായി കെ.സി. വേണുഗോപാൽ എം.പി അറിയിച്ചു.കൃഷി മന്ത്രാലയത്തിൽ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പു നൽകിയത്. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിനു കീഴിൽ സി.പി.സി.ആർ.ഐയിലെ ശാസ്ത്രജ്ഞരുടെ തസ്തികകൾ പുനഃപരിശോധിക്കാനുള്ള സമിതിയുടെ യോഗമാണ് പൂട്ടാനുള്ള തീരുമാനമെടുത്തത്. ഒരു സംസ്ഥാനത്തു രണ്ടു പ്രാദേശിക ഗവേഷണ കേന്ദ്രങ്ങൾ വേണ്ടെന്നായിരുന്നു വിചിത്രമായ ന്യായം. കേന്ദ്രം പൂട്ടാനുള്ള നിർദ്ദേശം നാളികേര ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനത്തോട് ചെയ്യുന്ന അനീതിയാണെന്നും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതോടെയാണ് കായംകുളത്തെ മേഖലാ കേന്ദ്രം അടച്ചു പൂട്ടാനുള്ള നിർദ്ദേശം മന്ത്രാലയം തള്ളിക്കളയുമെന്നും കൃഷിമന്ത്രി ഉറപ്പു നൽകിയതെന്നു കെ.സി പ്രസ്താവനയിൽ പറഞ്ഞു.