ചീരക്കൃഷിയിലും നൂറുമേനി
ഹരിപ്പാട്: ക്ളാസ് മുറിയിലെ പഠനത്തിൽ മാത്രമായി അടക്കി നിറുത്താനാവില്ല കാർത്തികപ്പള്ളി ഗവ.യു.പി സ്കൂളിലെ കുരുന്നു കൂട്ടത്തെ. ചീരക്കൃഷിയിൽ നൂറുമേനി സ്വന്തമാക്കിയതിന്റെ അഭിമാനത്തിലാണ് ഓരോരുത്തരും.
തികച്ചും മാതൃകയായ 'കൃഷിപാഠ'മാണ് ഈ സ്കൂളിലെ കുഞ്ഞുങ്ങൾ പകർന്നു നൽകുന്നത്. കരനെൽ കൃഷിയിൽ നൂറുമേനി വിളവെടുത്ത ശേഷമാണ് അതേ സ്ഥലത്ത് ചീര കൃഷി ചെയ്തിരിക്കുന്നത്. സ്കൂളിലെ കൃഷിയുടെ പ്രതിഫലനമെന്നോണം കുട്ടികൾ അവരുടെ വീടുകളിലും ചെറിയ രീതിയിൽ കൃഷി ചെയ്യുന്നുണ്ട്. സ്കൂൾ വളപ്പിലെ ചെടികൾ നനയ്ക്കാനും പരിചരിക്കാനും കുട്ടികൾ മുൻപന്തിയിലുണ്ടാകും. സ്കൂൾ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. രാവിലെ സ്കൂളിലെത്തുമ്പോഴും ഇടവേളകളിലും പഠനത്തിന് തടസം വരാത്ത രീതിയിലാണ് പരിചരണം. വിളവെടുപ്പിന് പാകമായ ചീര, വിവിധയിനം വാഴകൾ, ഇഞ്ചി, മഞ്ഞൾ, ചേമ്പ്, ചേന, കപ്പ തുടങ്ങിയ വിവിധ കൃഷികൾ സ്കൂൾ വളപ്പിലുണ്ട്.
വിളവെടുക്കുന്ന സാധനങ്ങൾ സ്കൂൾ ഉച്ചഭക്ഷണത്തിലേക്കും മിച്ചം വരുന്നവ വിറ്റുകിട്ടുന്ന തുക പൂർണ്ണമായും സ്കൂൾ ഉച്ചഭക്ഷണ ഫണ്ടിലേക്കുമാണ് ചെലവഴിക്കുന്നത്. ഇവർക്ക് എല്ലാവിധ ഉപദേശ നിർദ്ദേശങ്ങളുമായി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും മാതൃകാ കർഷകനുമായ സാജൻ കൂടെയുണ്ട്. സ്കൂൾ പ്രഥമാദ്ധ്യാപകൻ ജെ. ശിവദാസ്, എസ്.എം.സി ചെയർമാൻ ബി. കൃഷ്ണകുമാർ, അദ്ധ്യാപകർ, എസ്.എം.സി അംഗങ്ങൾ ഉൾപ്പെടെയുള്ള രക്ഷിതാക്കൾ എന്നിവർ പൂർണ്ണ പിന്തുണ നൽകുന്നു. 2009 ൽ 60 കുട്ടികളുമായി അടച്ചുപൂട്ടൽ ഭീഷണിയിലായ സ്കുളിൽ ഇന്ന് 800 കുട്ടികളുണ്ട്. 2018ൽ സംസ്ഥാനത്തെ മികച്ച പി.ടി.എയ്ക്കുള്ള രണ്ടാം സ്ഥാനം സ്കൂൾ കരസ്ഥമാക്കിയിരുന്നു.