ആലപ്പുഴ: പരിശോധനകൾ പൂർണമായും നിലച്ചതോടെ മത്സ്യങ്ങളിൽ രാസവസ്തുക്കളുടെ ഉപയോഗം ഗണ്യമായി വർദ്ധിച്ചെന്ന പരാതിയുമായി ഉപഭോക്താക്കൾ രംഗത്ത്.
മത്സ്യങ്ങളിൽ രാസവസ്തുക്കൾ ചേർക്കുന്നത് തടയുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പും മത്സ്യഫെഡും ഫിഷറീസ് വകുപ്പും സംയുക്തമായി നടപ്പാക്കിയ 'ഒാപ്പറേഷൻ സാഗർ റാണി' പദ്ധതി ജില്ലയിൽ നിർജീവാവസ്ഥയിലാണ്.
ഇതരസംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലേക്ക് എത്തിക്കുന്ന മത്സ്യങ്ങളിലാണ് കൂടുതലായും രാസവസ്തുക്കൾ ചേർക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. വകുപ്പുകളുടെ പരസ്പര സഹകരണമില്ലായ്മയാണ് പദ്ധതിയുടെ പ്രധാന തടസം.
വൃത്തിഹീനമായ സംഭരണ-വിതരണകേന്ദ്രങ്ങളും ശീതികരണത്തിലെ അപാകതകളുംരാസവസ്തുക്കളേക്കാൾ മാരകമെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കണ്ടെത്തൽ.
. മാസങ്ങൾക്ക് മുൻപ് നടത്തിയ പരിശോധനയിൽ രാസവസ്തുക്കൾ ചേർത്ത മത്സ്യങ്ങളുമായെത്തിയ നിരവധി വാഹനങ്ങൾ പിടികൂടിയിരുന്നു. ആദ്യഘട്ടത്തിൽ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് പരിശോധനയ്ക്ക് സാമ്പിളുകൾ ശേഖരിച്ചിരുന്നു.
സംഭരണ-വില്പന കേന്ദ്രങ്ങളിലെ ശുചിത്വമില്ലായ്മയും ശീതികരിക്കുമ്പോഴുണ്ടാകുന്ന അപാകതയും രോഗകാരണങ്ങളാകുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. അമോണിയ, സോഡിയം ബെൻസൊയെറ്റ്, ഫോർമാലിൻ തുടങ്ങിയ രാസവസ്തുക്കളാണ് മീൻ കേടാകാതിരിക്കാൻ ഉപയോഗിക്കുന്നത്. ശേഖരിച്ച സാമ്പിളുകളുടെ ഫലങ്ങൾ വന്നപ്പോൾ ൽ അനുവദനീയമായതിലും കൂടുതൽ ബെൻസൊയെറ്റ് ഉള്ളതായും കണ്ടെത്തി. രണ്ടാംഘട്ടത്തിൽ മത്സ്യബന്ധന തൊഴിലാളികൾ, ഫിഷ് മർച്ചന്റ് അസോസിയേഷൻ അംഗങ്ങൾ എന്നിവർക്ക് രാസവസ്തു പ്രയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെപ്പറ്റി ബോധവത്കരണ ക്ലാസും റസിഡന്റ്‌സ് അസോസിയേഷൻ, കുടുംബശ്രീ എന്നിവയുടെ സഹായത്താൽ ഉപഭോക്താക്കൾക്ക് ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും ലക്ഷ്യമിട്ടു.എന്നാൽ ഒന്നും നടന്നില്ല.
പരിശോധനകൾ ശക്തമാക്കിയപ്പോൾ രാസവസ്തുക്കൾ ചേർക്കൽ ഒരുപരിധിവരെ നിയന്ത്രിക്കാൻ കഴിഞ്ഞു.
പരിശോധന ഇങ്ങനെ
മത്സ്യസംഭരണ കേന്ദ്രങ്ങൾ
മത്സ്യവില്പന കേന്ദ്രങ്ങൾ
വഴിയോരക്കച്ചവട കേന്ദ്രങ്ങൾ
കടപ്പുറം
ഇതര യസംസ്ഥാനങ്ങളിൽ നിന്ന് മത്സ്യങ്ങൾ കൊണ്ടുവരുന്ന വാഹനങ്ങൾ
മത്സ്യസംഭരണ കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന എെസ്, വെള്ളം
ലക്ഷ്യം
രാസവസ്തുക്കൾ ചേർത്ത മത്സ്യവില്പന തടയുക,
മത്സ്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിന് ചേർക്കുന്ന അമോണിയ, ഫോർമാലിൻ, സോഡിയം ബെൻസോയറ്റ് എന്നീ രാസവസ്തുക്കൾ കണ്ടെത്തുക
'' ഭക്ഷ്യസുരക്ഷാവിഭാഗത്തിലെ പരിശോധനകൾ നടക്കുന്നുണ്ട്. വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുള്ള പരിശോധനകൾ അറിയിപ്പ് ലഭിക്കുന്നതിനുസരിച്ച് അടുത്ത ദിവസം മുതൽ ആരംഭിക്കും.
ബി. മധുസൂദനൻ
ഫുഡ്സ് സേഫ്ടി അസിസ്റ്റന്റ് കമ്മിഷണർ