ambalapuzha-news

അമ്പലപ്പുഴ: പ്രളയത്തെ അതിജീവിച്ച പാടശേഖരങ്ങളിൽ കൃഷി പുരോഗമിക്കവേ, ടി.എസ് കനാലിൽ പോളകൾ നിറഞ്ഞത് കർഷകരെ വലയ്ക്കുന്നു. പാടശേഖരങ്ങളിലേക്ക് വെള്ളം കയറ്റാനും ഇറക്കാനും കഴിയാത്ത അവസ്ഥയാണിപ്പോൾ. വള്ളങ്ങളിൽ വളം, കീടനാശിനികൾ തുടങ്ങിയവ എത്തിക്കാനും കഴിയുന്നില്ല. കടത്തുവള്ളക്കാരും ഹൗസ്ബോട്ടുകളും പ്രതിസന്ധിയിലായി.

ഇത്രയും പോളകൾ ഒരുമിച്ച് കനാലിൽ എങ്ങനെ എത്തിയെന്ന് വ്യക്തമല്ലെന്ന് കർഷകർ പറയുന്നു. പുറക്കാട്ടെ നിർദ്ദിഷ്ട ഗാന്ധി സ്മൃതി വനത്തിലെ മണലൂറ്റു സംഘങ്ങൾ, അവിടെ തിങ്ങിനിറഞ്ഞു കിടന്നിരുന്ന പോള കനാലിലേക്ക് തള്ളിവിട്ടതാകാം എന്നതാണ് സംശയം. തരിശായി കിടക്കുന്ന പാടശേഖരങ്ങളിലെ പോളകളും ഇതോടൊപ്പം ഇടത്തോടു വഴി കനാലിൽ എത്തിയിട്ടുണ്ടാകാം.

ഒരാഴ്ച മുൻപു വരെ കനാലിൽ പോളയില്ലായിരുന്നു. ഇപ്പോൾ കരുമാടി മുതൽ തോട്ടപ്പള്ളി വരെയുള്ള ഭാഗങ്ങളിൽ പോള നിറഞ്ഞു കിടക്കുകയാണ്. കരുമാടി, പുറക്കാട്, ഇല്ലിച്ചിറ, നാലുചിറ ഭാഗങ്ങളിൽ കടത്തുവള്ളങ്ങളെ ആശ്രയിച്ച് ജോലിക്കു പോകുന്നവരും സ്ൾ വിദ്യാർത്ഥികളും മറ്റ് തൊഴിലാളികളും ഏറെ ബുദ്ധിമുട്ടിലായി. പോള അടിയന്തരമായി നീക്കം ചെയ്യാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.