vishnu
വിഷ്ണുവിന്റെ കൈയ്യിൽ നിന്നും പണം ഏറ്റുവാങ്ങിയ ബാലകൃഷ്ണനും സാക്ഷ്യം വഹിച്ച സബ്ബ് ഇൻസ്പെക്ടർ കെ.രാജനും, അഡീഷണർ എസ്ഐ. ജയകുമാറും.

ചാരുംമൂട്: ഇല്ലായ്മയിൽ വളർന്ന വിഷ്ണു അന്യന്റെ പണത്തിന് മുന്നിൽ മഞ്ഞളിക്കാറില്ലെന്ന് കളഞ്ഞുകിട്ടിയ 2 ലക്ഷം രൂപ ഉടമയ്ക്ക് തിരികെ നൽകി തെളിയിച്ചു. പാലമേൽ മറ്റപ്പള്ളി വിജീഷ് ഭവനത്തിൽ വിഷ്ണു ഇന്നലെ രാവിലെ 9.45ന് വീട്ടിൽ നിന്ന് നൂറനാടേക്ക് ബൈക്കിൽ വരവേ മറ്റപ്പള്ളി ഫയറിംഗ് റേഞ്ചിന് സമീപം റോഡിൽ വീണ നിലയിലാണ് കടലാസ് പൊതി കിട്ടിയത് . ഉടൻ തന്നെ നൂറനാട് പൊലീസ് സ്റ്റേഷനിൽ എത്തി സ്റ്റേഷൻചുമതല വഹിക്കുന്ന സബ് ഇൻസ്പെക്ടർ കെ.രാജനെ ഏൽപ്പിച്ചു.ഇതിനിടെ പണം നഷ്ടപ്പെട്ട പന്തളം മുടിയൂർക്കോണം ചാമകണ്ടത്തിൽ ബാലകൃഷ്ണൻ (62) പരാതി നൽകാൻ സ്റ്റേഷനിൽ എത്തിയപ്പോഴാണ് തന്റെ പണം ഭദ്രമായി കിട്ടിയ വിവരം അറിയുന്നത്. ഉടൻ തന്നെ വിഷ്ണുവിനെ  പൊലീസ് വിളിച്ചുവരുത്തി. തുടർന്ന് പണം കൈമാറി. എരുമക്കുഴി ആശാൻ കലുങ്ക് ജംഗ്ഷനിൽ ഡ്രൈവിംഗ് സ്കൂൾ ഉടമയാണ് ബാലകൃഷ്ണൻ. വിഷ്ണുവിന്റെ അച്ഛൻ വിജയൻ അഞ്ച് വർഷം മുൻപും അമ്മ സതി നാലു വർഷം മുൻപും മരിച്ചു. വിനീഷ്, വിജീഷ് എന്നിവരാണ് സഹോദരങ്ങളാണ്. വിഷ്ണുവും സഹോദരൻമാരും ഡ്രൈവർമാരാണ്. മാതാപിതാക്കളുടെ പേരിലുള്ള മൂന്നുസെന്റിലെ കൊച്ചു വീട്ടിലാണ് ഇവർ കഴിയുന്നത്.