kp-canal
അറവു മാലിന്യങ്ങളും കോഴിവേസ്റ്റും, പ്ലാസ്റ്റിക് മാലിന്യങ്ങളും കുന്നുകൂടി കിടക്കുന്ന കനാൽ ഭാഗം

ചാരുംമൂട്: മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയ കെ.ഐ.പി കനാലിലെ നൂറനാട്- മുതുകാട്ടുകര ഭാഗങ്ങൾ വൃത്തിയാക്കാനിറങ്ങിയ വനിതകളായ അറുപതോളം തൊഴിലുറപ്പു തൊഴിലാളികളിൽ ഭൂരിഭാഗം പേർക്കും ഛർദ്ദി ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ. പലരും സമീപത്തെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി.

മൂന്നു വർഷമായി അധികൃതർ ഗൗനിക്കാത കാടുകയറിക്കിടന്ന കനാൽ ഭാഗത്താണ് തൊഴിലുറപ്പ് തൊഴിലാളികൾ ക്ലിനിംഗ് നടത്തിയത്. ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള അറവുമാലിന്യങ്ങളും കോഴിവേസ്റ്റും ഇവിടെ നിക്ഷേപിക്കുന്നത് പതിവാണ്. കാടു വെട്ടിത്തെളിച്ചതോടെ ചാക്കുകണക്കിനു മാലിന്യങ്ങൾ കുമിഞ്ഞുകൂടി കിടക്കുന്നതു കണ്ടെത്താനായി. ഇതോടെ ഏതാനം മണിക്കൂറുകൾക്കകം സ്ത്രീ തൊഴിലാളികൾക്ക് ഛർദ്ദി തുടങ്ങി. പലർക്കും തലചുറ്റലും നടുവേദനയും ജലദോഷവും അനുഭവപ്പെട്ടു. ഇതോടെയാണ് തൊഴിലാളികൾ സമീപത്തെ സ്വകാര്യ ആശുപത്രിയെ സമീപിച്ചത്. പ്രതിരോധ ഗുളിക എല്ലാവർക്കും നൽകിയിരുന്നെങ്കിലും പലരും കഴിച്ചില്ലന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.