കായംകുളം: ജുവലറി ഉടമയെ വീട് കയറി ആക്രമിച്ച സംഭവത്തിന്റെ ഭീതി മാറും മുൻപ് പട്ടാപ്പകൽ മുഖമൂടി സംഘം വർക്ക് ഷോപ്പിൽ കയറി യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചു
എരുവ റാവുത്തർ മുക്കിൽ വർക്ക്ഷോപ്പ് നടത്തുന്ന അരുണിനെയാണ് (20) മുഖംമൂടി ധരിച്ച് ചുവപ്പ് കാറിലെത്തിയ ആറ് അംഗ സംഘം വെട്ടിപരിക്കൽപ്പിച്ചത്. കൈയ്ക്കും കാലിനും ആഴത്തിൽ വെട്ടേറ്റ അരുണിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാവിലെ 11നായിരുന്നു സംഭവം.
ജൂവലറി ഉടമയായ പെരുങ്ങാല മാളിയേക്കൽ ഷാജഹാനെ രണ്ട് ദിവസം മുൻപ് വീട് കയറി ആക്രമിച്ചിരുന്നു.
സംഭവത്തിൽ എരുവ സ്വദേശികളായ വിശാഖ് (25), ശർമ്മ (30) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
ഷാജഹാന്റെ മകൻ റിയാനെ അന്വേഷിച്ചു എത്തിയ സംഘം റിയാനില്ലെന്ന് അറിഞ്ഞതോടെ ഷാജഹാനെ ആക്രമിക്കുകയായിരുന്നു. വീട്ടുമുറ്റത്ത് കിടന്ന കാറും ബൈക്കും സംഘം നശിപ്പിക്കുകയും ചെയ്തു.
പ്രതികളുടെ കൂട്ടുകാരന്റെ ഗൃഹപ്രവേശന സ്ഥലത്തെത്തി റിയാൻ പ്രശ്നം ഉണ്ടാക്കിയെന്നും ഇതു ചോദ്യം ചെയ്യാനായി സംഘം വീട്ടിലെത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
ആക്രമണവും പ്രത്യാക്രമണവും തുടരുന്നതിനാൽ പ്രദേശവാസികൾ ഭീതിയിലാണ്.