a
ചെട്ടികുളങ്ങരയില്‍ പേളയിൽ ആയുധങ്ങള്‍ കണ്ടെടുത്ത വീട്ടില്‍ എസ്.പിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നു

മാവേലിക്കര: ചെട്ടികുളങ്ങരയിലെ ആക്രമണങ്ങളിലും ആയുധങ്ങൾ കണ്ടെത്തിയ സംഭവത്തിലും ശാസ്ത്രീയ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് എസ്.പി എസ്.സുരേന്ദ്രൻ പറഞ്ഞു.പേളയിൽ ആയുധങ്ങൾ കണ്ടെടുത്ത ആളൊഴിഞ്ഞ വീട്,​ പരിസരം ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സി.കൃഷ്ണമ്മയുടെ വീട് എന്നിവിടങ്ങളിൽ എസ്.പി പരിശോധന നടത്തി. ആയുധങ്ങളിൽ ചിലത് ശാസ്ത്രീയ പരിശോധനകൾക്ക് അയച്ചതായി അദ്ദേഹം പറഞ്ഞു. രഹസ്യ വിവരശേഖരണവും ശാസ്ത്രീയ തെളിവെടുപ്പും ആരംഭിച്ചു. പൊലീസ് വളരെ ഗൗരവത്തോടെയാണ് പ്രശ്‌നത്തെ സമീപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡിവൈ.എസ്.പി അനീഷ്.വി.കോര, സി.ഐ പി.മോഹൻലാൽ, എസ്.ഐ ശ്രീജിത്ത് എന്നിവർ എസ്.പിയോടൊപ്പം പരിശോധന സംഘത്തിലുണ്ടായിരുന്നു. 25ന് രാത്രി 10.30നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിന് സമീപത്തെ ആളൊഴിഞ്ഞ വീടിന്റെ ശൗചാലയത്തിൽനിന്ന് ആയുധങ്ങൾ കണ്ടെടുത്തത്. 26ന് രാത്രി 11 നാണ് പഞ്ചായത്ത് പ്രസിഡന്റ് സി.കൃഷ്ണമ്മയുടെ വീടിന് മുന്നിൽ ഗുണ്ട് പൊട്ടിച്ചത്.