അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നു
ചേർത്തല: ചേർത്തല സ്വദേശിനി ബിന്ദുപത്മനാഭനെ കണ്ടെത്താൻ സി.ബി.ഐ അന്വേഷണത്തിനായി സഹോദരൻ ഹൈക്കോടതിയെ സമീപിക്കാനിരിക്കെ, ഡി.ജി.പി ഓഫീസ് ഇടപെട്ട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നു. ഇതു സംബന്ധിച്ച ഉത്തരവ് ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് കൈമാറിയെന്നാണ് വിവരം. ഐ.ജി റാങ്കിലെ ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘത്തെ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കും.
ബിന്ദുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നർകോട്ടിക് സെൽ ഡിവൈ.എസ്.പി നടത്തിയ അന്വേഷണം മാസങ്ങളായി നിലച്ച മട്ടിലായിരുന്നു. ഇതോടെ, ഇറ്റലിയിലായിരുന്ന സഹോദരൻ പ്രവീൺകുമാർ നാട്ടിലെത്തി കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിനു കൈമാറുന്നത്.
കടക്കരപ്പള്ളി ആലുങ്കൽ പദ്മനിവാസിൽ ബിന്ദുപത്മനാഭനെ (45) കാണാനില്ലെന്നു പറഞ്ഞ് പ്രവീൺകുമാർ 2017 സെപ്തംബർ 16നാണ് ആഭ്യന്തര വകുപ്പിന് പരാതി നൽകിയത്. സംശയിക്കുന്നവരുടെ വിലാസവും ഇടപാടുകളും തെളിവുകളും സഹിതമായിരുന്നു പരാതി. ബിന്ദുവിന്റെ പേരിൽ കോടിക്കണക്കിന് രൂപ മൂല്യമുള്ള വസ്വകകൾ ഉണ്ടായിരുന്നു.
തുടർന്ന് നടന്ന അന്വേഷണത്തിൽ ഇടപ്പള്ളിയിലുണ്ടായിരുന്ന 4.45 ആർസ് ഭൂമി വ്യാജ മുക്ത്യാർ തയ്യാറാക്കി വിറ്റതടക്കം കണ്ടെത്തി. ഇതിൽ ഇടനിലക്കാരനായിരുന്ന 'അമ്മാവനെ'ന്ന് വിളിക്കുന്ന പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യൻ ഉൾപെടെ 11 പേരെ പിടികൂടിയെങ്കിലും ബിന്ദുവിനെ കണ്ടെത്താനായില്ല.
ചേർത്തല ഡിവൈ.എസ്.പി എ.ജി. ലാൽ അന്വേഷിച്ച ഭൂമിതട്ടിപ്പു കേസിൽ അന്വേഷണം പൂർത്തിയാക്കിയെങ്കിലും തിരോധാനം അന്വേഷിച്ച സംഘത്തിന് പരാതിക്കാരൻ നൽകിയ വിവരങ്ങൾ മാത്രമേ സ്ഥിരീകരിക്കാനായുള്ളു. പുതുതായി ഒന്നും കണ്ടെത്താനായില്ല. ബിന്ദു ജീവിച്ചിരിപ്പുണ്ടോ എന്നുപോലും ഉറപ്പാക്കാനായില്ല.