ആലപ്പുഴ: നഗരത്തിലും പരിസരങ്ങളിലുമായി ഡിസംബർ എഴു മുതൽ ഒമ്പതു വരെ നടക്കുന്ന 59-ാമത് സംസ്ഥാന സ്‌കൂൾ കലോൽസവം, പ്രധാന വേദിയായ ലിയോ തേർട്ടീന്തിൽ 59 കലാപ്രതിഭകളെ പങ്കെടുപ്പിച്ചുകൊണ്ട് 59 മൺചെരാത് തെളിച്ച് ഉദ്ഘാടനം ചെയ്യും. പ്രളയത്തെത്തുട‌ർന്ന് ചെലവുചുരുക്കലിന്റെ ഭാഗമായി സമ്മേളനങ്ങളും മറ്റ് ആഘോഷങ്ങളും ഒഴിവാക്കിയിട്ടുണ്ട്.


 വേദികളിൽ നാരങ്ങാവെള്ളവും ചൂടുകാപ്പിയും

എല്ലാ മത്സരവേദികളിലും കുടിവെള്ള വിതരണമുണ്ടാകും. പൊലീസ് അസോസിയേഷന്റെ നേതൃത്വത്തിൽ 29 വേദികളിലും പകൽ നാരങ്ങാവെള്ളവും വൈകിട്ട് ആറിനു ശേഷം ചൂടുകാപ്പിയും നൽകും. കലോത്സവത്തിന് ഭക്ഷണം പാകം ചെയ്യാനും മറ്റ് ആവശ്യങ്ങൾക്കും ഒരു ദിവസത്തേക്ക് മാത്രം 40,000 ലിറ്റ‌‌ർ വെള്ളമാണ് ആവശ്യം. വാട്ട‌ർ അതോറിറ്റിയുമായി ചേ‌ർന്ന് എത്തിക്കാനാണ് സംഘാടക സമിതി ലക്ഷ്യമിടുന്നത്. നഗരത്തിൽ പൈപ്പ് പൊട്ടലും മറ്റും നിത്യസംഭവമാണ്. അതുകൊണ്ടുതന്നെ വെള്ളം ഉറപ്പാക്കണമെന്ന് സംഘാടകർ ജല അതോറിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

 എല്ലാവേദികളിലും ഡോക്ട‌ർമാരില്ല

കലോത്സവത്തിനിടെ അത്യാഹിതമുണ്ടായാൽ എല്ലാവേദികളിലേക്കും ഡോക്ടർമാരടങ്ങിയ സംഘത്തെ ആവശ്യപ്പെട്ടെങ്കിലും ഇവിടങ്ങളിലെല്ലാം ഡോക്ടർമാരുടെ സ്ഥിരം സേവനമുണ്ടാകില്ല. 29 വേദികളിലും നിയോഗിക്കാൻ ആവശ്യത്തിനു ഡോക്ടർമാർ ഇല്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. നൃത്തയിനങ്ങൾ ഉൾപ്പെടെയുള്ള വേദികളിൽ ഡോക്ടർമാരെ നിയോഗിക്കുകയും മറ്റ് വേദികളിൽ നഴ്സുമാരുടെയും നഴ്സിംഗ് അസിസ്റ്റന്റുമാരുടെയും സേവനം ഉറപ്പാക്കാമെന്നും ആരോഗ്യവകുപ്പ് സമ്മതിച്ചിട്ടുണ്ട്. ആംബുലൻസ് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒരു ആംബുലൻസ് മാത്രമാണുള്ളതെന്നായിരുന്നു മറുപടി. ആംബുലൻസ് ലഭിക്കാനായി കളക്ടറെ സമീപിക്കാനാണ് തീരുമാനം.

 കലോത്സവ സൗഹൃദ ഓട്ടോറിക്ഷകൾ,

സ്വകാര്യ ബസുകൾ രാത്രിയിലും

കലോത്സവത്തിനായി നഗരത്തിലെത്തുന്ന വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും സുഗമമായ യാത്രാ സൗകര്യമൊരുക്കി നഗരത്തിലെ ഒാട്ടോറിക്ഷ കൂട്ടായ്മ.

'കലോത്സവ സൗഹൃദയാത്ര' എന്നപേരിൽ പ്രത്യേക സ്റ്റിക്കർ പതിപ്പിച്ചാണ് ഒാട്ടോറിക്ഷാകൾ നഗരത്തിൽ സർവീസ് നടത്തുന്നത്. കലോത്സവ ദിവസങ്ങളിൽ രാത്രി സ്വകാര്യ ബസുകളുടെ പ്രത്യേക സർവീസ് ഏർപ്പെടുത്തുന്നത് പരിഗണനയിലുണ്ട്. പ്രധാന വേദികൾ കേന്ദ്രീകരിച്ചായിരിക്കും സർവീസ്. നിലവിലുള്ളതിനേക്കാൾ കുറഞ്ഞനിരക്കിൽ സർവീസ് നടത്താനാണ് ജില്ലാഭരണകൂടം അഭ്യർത്ഥിച്ചിട്ടുള്ളത്.

18 ഒാളം ബസുകൾ സംഘാടകർ ഏർപ്പെടുത്തും. ഗതാഗതാക്കുരുക്ക് അനുഭവപ്പെടാതിരിക്കാൻ മത്സരത്തിനെത്തുന്നവരുടെയും മറ്റും വാഹനങ്ങൾക്ക് റിക്രിയേഷൻ ഗ്രൗണ്ടിലും സെന്റ് ആന്റണീസ് സ്കൂൾ ഗ്രൗണ്ടിലുമാണ് പാർക്കിംഗ് അനുവദിച്ചിരിക്കുന്നത്. റെയിൽവേ സ്റ്റേഷനിലും കെ.എസ്.ആ‌ർ.ടി.സി സ്റ്ൻഡിലും പ്രത്യേക ഇൻഫ‌ർമേഷൻ കൗണ്ടറുകൾ പ്രവ‌ർത്തിക്കും.