മാതൃകയാക്കാം 'എളിമ' പുരുഷ സ്വയംസഹായ സംഘത്തെ
അമ്പലപ്പുഴ: കൃഷിയിലൂടെയുള്ള വരുമാനം നിർദ്ധനരായ രോഗികൾക്കും നാടിനും വേണ്ടി വിനിയോഗിച്ച് വണ്ടാനത്തെ എളിമ പുരുഷ സ്വയംസഹായ സംഘം പ്രവർത്തകർ നാടിനു മാതൃകയാവുന്നു.
മെഡി. ആശുപത്രിയിലെ കാൻസർ രോഗികൾക്ക് ഇളനീരിനായും കിടപ്പു രോഗികളുടെ ചികിത്സയ്ക്കുമായിട്ടാണ് എളിമ പ്രവർത്തകർ തങ്ങളുടെ അദ്ധ്വാന വിഹിതം കൈമാറുന്നത്. രണ്ടു വർഷമായി എല്ലാ ബുധനാഴ്ചകളിലും മെഡിക്കൽ കോളേജ് ആശുപത്രിയിലെ കീമോരോഗികൾക്ക് ഇവർ ഇളനീർ നൽകുന്നുണ്ട്. കൂടാതെ 40 ഓളം കിടപ്പു രോഗികൾക്ക് വേണ്ട മരുന്നും മറ്റുപകരണങ്ങളും വിതരണം ചെയ്യുന്നു.
മാസത്തിലൊരിക്കൽ വിദഗ്ദ്ധ ഡോക്ടർമാരെ പങ്കെടുപ്പിച്ച് പ്രദേശത്ത് സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പ് ഏറെ പ്രയോജനകരമാണ്. നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം, ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് ആദരം എന്നിവയും ഇവരുടെ ചില എളിയ പ്രവർത്തനങ്ങൾ മാത്രം.
പച്ചക്കറി കൃഷി, വാഴക്കൃഷി, വെട്ടിക്കരി പാടത്ത് രണ്ടര ഏക്കർ നെൽകൃഷി എന്നിവയിലൂടെയാണ് ഇവർ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണം നടത്തുന്നത്. പിരിവുകൾ ഒന്നുമില്ല. വിവിധ തൊഴിലുകളുള്ള 20 ഓളം അംഗങ്ങൾ ചേർന്ന് മൂന്നു വർഷം മുൻപാണ് വണ്ടാനം കേന്ദ്രീകരിച്ച് എളിമ പുരുഷ സ്വയം സഹായ സംഘം രൂപീകരിച്ചത്. പ്രസിഡന്റ് നിസാർ വെള്ളാപ്പള്ളി, സെക്രട്ടറി സാബു വെള്ളാപ്പള്ളി എന്നിവരാണ് സംഘത്തെ നയിക്കുന്നത്.