tv-r

തുറവൂർ: വാഹനമിടിച്ച് വീണുകിടക്കുന്ന വൈദ്യുത വിളക്കുകാലും അവശിഷ്ടങ്ങളും അപകട ഭീഷണി സൃഷ്ടിക്കുന്നു. ദേശീയപാതയിൽ അരൂരിനും ഒറ്റപ്പുന്നയ്ക്കും ഇടയിൽ വാഹനങ്ങൾ മീഡിയനിൽ ഇടിച്ചു കയറി വിളക്കുകൾ തകരുന്നത് പതിവാണ്. തുറവൂർ മുതൽ എൻ .സി. സി കവല വരെ ഒരു കിലോമീറ്ററിനുള്ളിൽ ഒരാഴ്ചയ്ക്കിടെ മൂന്നിടത്താണ് വാഹനമിടിച്ച് വിളക്കുകാൽ തകർന്നത്. അപകടം നടന്ന ഉടൻ വാഹന ഉടമകളിൽ നിന്ന് നഷ്ടപരിഹാരം അതത് പ്രദേശത്തെ പഞ്ചായത്ത് അധികൃതർഈടാക്കാറുണ്ട്.എന്നാൽ തകർന്ന വിളക്കു കാലും അവശിഷ്ടങ്ങളും നീക്കം ചെയ്യാനോ പുതിയത് സ്ഥാപിക്കാനോ ഇവർ തയാറാല്ല. വിളക്കു കാലിൽ പരസ്യബോർഡുകൾ സ്ഥാപിച്ച് വരുമാനം കൊയ്യുന്ന കരാറുകാരനും ഇതോടെ രംഗത്ത് വരില്ല. തകർന്ന വിളക്കു കാലിന്റെ അടിഭാഗത്തെ കോൺക്രീറ്റും ഇരുമ്പ് പൈപ്പുകളും ഇലക്ട്രിക് വയറുകളും മീഡിയന് കുറുകെ കിടക്കുന്നതും തള്ളി നിൽക്കുന്നതും അപകടക്കെണിയാവുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. അപകടം ഉണ്ടായാൽ മീഡിയന് സമീപത്തെ മറ്റ് വിളക്കുകളുടെ വയർ പൊട്ടി വൈദ്യുതി ബന്ധം ഇല്ലാതാവും. ഇതോടെ ഇരുട്ടിലാവുന്ന പാതയിൽ റോഡ് കുറുകെ കടക്കാനാവാതെ കാൽനടയാത്രക്കാർ വലയുന്നു.