a
ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.സോമന്‍ ആക്രമണം നടന്ന ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റിന്റെ വീട് സന്ദര്‍ശിക്കുന്നു

മാവേലിക്കര: ചെട്ടികുളങ്ങരയിൽ സാമൂഹ്യവിരുദ്ധരെ സഹായിക്കാൻ സി.പി.എം പൊലീസിനെ സമ്മർദ്ദത്തിലാക്കുകയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.സോമൻ ആരോപിച്ചു. ആക്രമണം നടന്ന ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റിന്റെ വീട് സന്ദർശിച്ചശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിന്റെ ഭാഗമായാണ് പ്രസിഡന്റ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്. മാരകായുധങ്ങൾ കണ്ടെടുത്ത സ്ഥലത്ത് പൊലീസ് സാന്നിദ്ധ്യമുള്ളപ്പോഴാണ് തൊട്ടടുത്ത ദിവസം പ്രസിഡന്റിന്റെ വീടിനു നേരെ നടന്ന പടക്കമേറ് നടത്തിയത്. സംഭവത്തിൽ ശാസ്ത്രീയ പരിശോധന നടക്കുന്നുവെന്ന ജില്ലാ പൊലീസ് മേധാവിയുടെ അവകാശവാദം അംഗീകരിക്കുന്നില്ല എന്നതിന്റെ തെളിവാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചതിലൂടെ പ്രസിഡന്റ് വ്യക്തമാക്കിയത്.

ഇരുളിന്റെ മറവിൽ അക്രമം നടത്തുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പൊലീസ് തയ്യാറാവണം. സമാധാനം പുലരാൻ ആവശ്യമായ എല്ലാ സഹകരണവും ബി.ജെ.പിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മാരകായുധങ്ങൾ കണ്ടെത്തിയ ആളൊഴിഞ്ഞ വീടും അദ്ദേഹം സന്ദ‍ശിച്ചു.

കായംകുളം നിയോജക മണ്ഡലം പ്രസിഡന്റ് മഠത്തിൽ ബിജു, മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് ഉണ്ണിച്ചേത്ത്, മേഖല പ്രസിഡന്റ് സി.രാധാകൃഷ്ണൻ, മഹിളാ മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി മഞ്ജു അനിൽ , രാംദാസ് പന്തപ്ലാവിൽ, ജയൻ പേള എന്നിവർ ഒപ്പമുണ്ടായിരുന്നു.