ഹരിപ്പാട്: മിന്നലേറ്റ് വീട്ടുപകരണങ്ങളും തെങ്ങും കത്തി നശിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. വെട്ടുവേനി നിതിൻ നിവാസിൽ മുരളീധരന്റെ വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങളും പുരയിടത്തിലെ തെങ്ങുമാണ് കത്തി നശിച്ചത്. അയൽവാസികളായ മനോജ് ഭവനത്തിൽ സരസ്വതി അമ്മ (75), കൊച്ചുമകൻ മിഥുൻ മനോജ് (12) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 6.30നായിരുന്നു സംഭവം. ശക്തമായ മിന്നലിൽ തെങ്ങിന്റെ മുകൾ ഭാഗത്ത് തീ പടരുകയായിരുന്നു. ഈ സമയത്ത് വീട്ടിലെ വയറിംഗ് ഉൾപ്പടെ ഇലക്ട്രിക് ഉപകരണങ്ങൾ കത്തിനശിച്ചു. മെയിൻ സ്വിച്ച് , ഫ്യൂസ്, സ്വിച്ച് ബോർഡ് എന്നിവ വൻശബ്ദത്തിൽ പൊട്ടിത്തെറിക്കുകയും ചെയ്തു. സരസ്വതി അമ്മയ്ക്ക് മിന്നലേറ്റ് നിലത്തു വീണാണ് പരിക്ക്. മിഥുന്റെ കൈയ്ക്ക് പൊള്ളലേൽക്കുകയും ചെയ്തു. ഇരുവരെയും ഹരിപ്പാട് ഇ.ആർ.ടി അംഗങ്ങൾ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഫയർഫോഴ്സും, കെ.എസ്.ഇ.ബി ജീവനക്കാരും സ്ഥലത്തെത്തി.