തുറവൂർ: സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ കാറും ബി.ജെ.പി പ്രവർത്തകന്റെ ആട്ടോറിക്ഷയും തമ്മിൽ ഉരസിയത് സി.പി.എം- ബി.ജെ.പി സംഘട്ടനത്തിൽ കലാശിച്ചു. പരിക്കേറ്റ തുറവൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി കെ.എസ്.സുരേഷ് കുമാർ (47), ആർ.എസ്.എസ് ഖണ്ഡ് പ്രമുഖ് കൂടിയായ വളമംഗലം വടക്ക് ആലത്തുരുത്ത് വീട്ടിൽ ഗിരീഷ് (39) എന്നിവരെ തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് മൂന്നോടെയാണ് സംഘർഷത്തിനു തുടക്കം. തുറവൂർ ആട്ടോ ടാക്സി സ്റ്റാൻഡിലെ ഡ്രൈവറായ ഗിരീഷ് തുറവുർ തിരുമല തെക്കു ഭാഗത്ത് ഓട്ടം പോകുന്നതിനിടെ അതുവഴി വരികയായിരുന്ന സുരേഷ് കുമാറിന്റെ കാറിൽ ആട്ടോ ഉരസി. തുടർന്ന് ഇവർ തമ്മിൽ വാക്കേറ്റവും സംഘട്ടനവുമുണ്ടായി. പരിക്കേറ്റ ഇരുവരെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് വൈകിട്ട് ആറരയോടെ ആശുപത്രിയിൽ ജനപ്രതിനിധികൾ അടക്കമുള്ള സി.പി.എം പ്രവർത്തകർ സംഘമായെത്തി. ആശുപത്രി മുറിയിൽ നിന്നു സുരേഷ് കുമാറും കൂട്ടരും പുറത്തേക്കിറങ്ങിയപ്പോൾ പുറത്ത് ബി.ജെ.പി പ്രവർത്തകർക്കൊപ്പം ഗീരീഷും ഉണ്ടായിരുന്നു. തുടർന്ന് ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായി. ദേശീയപാതയുടെ കിഴക്കുഭാഗത്ത് ബി.ജെ.പി പ്രവർത്തകരും ആശുപത്രിക്കുള്ളിൽ സി.പി.എം പ്രവർത്തകരും പരസ്പരം പോർവിളികളുമായി നിലയുറപ്പിച്ചു. ഇരുകൂട്ടരുടേയും നടുവിലായി പൊലീസും നിന്നു. ഗിരീഷിനെ പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് പൊലീസ് മാറ്റി. ആശുപത്രിക്കുള്ളിൽ നിലയുറപ്പിച്ച സി.പി.എം പ്രവർത്തകരെ പൊലീസ് പിന്നീട് ഏരിയാകമ്മിറ്റി ഓഫീസിലേക്കു മാറ്റി. രാത്രി ഒമ്പതരയോടെയാണ് സംഘർഷത്തിന് അയവുണ്ടായത്.