qfqf
ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രം (ഫയൽ ചിത്രം)

ഹരിപ്പാട്: നഗരത്തിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപം 4.98 ലക്ഷം ചെലവഴിച്ച് സ്ഥാപിച്ച ഹൈടെക് കാത്തിരിപ്പ് കേന്ദ്രം യാത്രക്കാരും കൈയൊഴിഞ്ഞതോടെ പരസ്യഫലകമായി. രാഷ്ട്രീയ പാർട്ടികളുടെ പോസ്റ്ററുകൾ പതിക്കുന്ന പ്രധാന ഇടമായി കാത്തിരിപ്പ് കേന്ദ്രം മാറിയിട്ടും ആരും തിരിഞ്ഞ് നോക്കുന്നില്ല.

സ്മാർട്ട് ഹരിപ്പാട് പദ്ധതിയുടെ ഭാഗമായാണ് സ്ഥാപിച്ചത്. സൗജന്യ വൈ-ഫൈ ഇന്റർനെറ്റ്, എഫ്.എം റേഡിയോ, മൊബൈൽ ചാർജിംഗ് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളോടെ സ്ഥാപിച്ച കാത്തിരിപ്പ് കേന്ദ്രത്തിൽ ഇനി അവശേഷിക്കുന്നത് ഇരിപ്പിടങ്ങളും പുറംചട്ടയും മാത്രം! ഹൈടെക് സംവിധാനങ്ങൾ ഒാരോന്നായി പ്രവർത്തന രഹിതമായതിന് പിന്നാലെ യാത്രക്കാരും പടിയിറങ്ങി. തുടർന്നാണ് രാഷ്ട്രീയ പാർട്ടികളുടെ പോസ്റ്ററുകൾ പതിക്കുന്ന ഇടമായി മാറിയത്.

കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിലെ സീലിംഗ് പൂർണമായും നിലം പതിച്ചു. എട്ട് ഇരിപ്പിടങ്ങളും നാശത്തിന്റെ വക്കിലാണ്. നടൻ പൃഥിരാജ് ആണ് കേന്ദ്രം ഉദ്ഘാടനം ചെയ്ത്. രണ്ടാഴ് പിന്നിട്ടപ്പോൾ തന്നെ സൗകര്യങ്ങൾ ഒാരോന്നായി നിലയ്ക്കാൻ തുടങ്ങി. ഇപ്പോൾ രാത്രിയിൽ ഒരു വിളക്ക് പോലും തെളിയാത്ത അവസ്ഥയാണ്. പരിസ്ഥിതി സൗഹൃദ ഹൈടെക് ബസ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനു മുന്നോടിയായി പൂർത്തീകരിച്ച കാത്തിരിപ്പ് കേന്ദ്രമാണ് നശിക്കുന്നത്. കാത്തിരിപ്പ് കേന്ദ്രം നോക്കുകുത്തിയായതോടെ കെ.എസ്.ആർ.ടി.സിയും മാറ്റി നിറുത്തി ആളെ കയറ്റുന്നു. അഴക് പകരാൻ സ്ഥാപിച്ച മെക്സിക്കൻ വിരിപ്പായ,​ പുൽത്തകിടി, റോയൽ പാംവൃക്ഷം എന്നിവയും പരിചരണമില്ലാതെ നശിച്ചു. രാത്രിയിൽ വെളിച്ചം പോലുമില്ലാത്ത കേന്ദ്രം സാമൂഹ്യ വിരുദ്ധരുടെയും തെരുവുനായകളുടെയും വിഹാരകേന്ദ്രമായി .