nikhila-vimal

ആലപ്പുഴ: മലയാളികളുടെ ഹൃദയത്തിലെ നിറചൈതന്യമാണ് ഇരയിമ്മൻതമ്പിയുടെ 'ഓമനത്തിങ്കൾ കിടാവോ...' എന്ന താരാട്ടുപാട്ട്. ചേർത്തലയിൽ ജനിച്ച ഇരയിമ്മൻ തമ്പിയുടെ ഈ പാട്ടു കേട്ടാണ് കുഞ്ഞുങ്ങൾ ഉറങ്ങിയത്. ഗൃഹാതുരത്വം നിറയുന്ന കാലത്തെ അതിജീവിക്കുന്ന ഓമനത്തിങ്കൾക്കിടാവിൽ നിന്നുകൊണ്ട് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കേരളകൗമുദി തുടക്കം കുറിക്കുന്നു.

കലോത്സവത്തിന്റെ സ്പന്ദനങ്ങൾ വായനക്കാരിൽ എത്തിക്കാൻ കേരളകൗമുദി ഒരുക്കുന്ന കലോത്സവ പേജിന് ഇരയിമ്മൻ തമ്പിയെ മറന്നുകൊണ്ട് മറ്റൊരു പേരില്ല. യുവനടി നിഖില വിമൽ ഇന്നലെ കലോത്സവപേജിന് പേരിട്ടു 'ഓമനത്തിങ്കൾ'. ‌ഡിസംബർ ഏഴുമുതൽ ഒമ്പതുവരെ ആലപ്പുഴയിൽ നടക്കുന്ന കലോത്സവത്തിന്റെ വാർത്തകൾ ഈ പേജിലൂടെ കണ്ടറിയാം.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കേരളനടനം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയിലെ തിളക്കമാണ് തന്നെ സിനിമാലോകത്ത് എത്തിച്ചതെന്ന് പേരിടീൽ നിർവഹിച്ചുകൊണ്ട് നിഖില വിമൽ പറഞ്ഞു. 'മൂന്നാം വയസിൽ ചിലങ്കയണിഞ്ഞ എന്റെ ആദ്യ ഗുരു അമ്മ കലാമണ്ഡലം വിമലാദേവിയാണ്. കലോത്സവം ആണ് സിനിമയിലേക്കുള്ള ആദ്യ പടി. കലോത്സവത്തിൽ പങ്കെടുക്കാൻ ഒരുങ്ങുന്ന യുവപ്രതിഭകൾക്കുള്ള എന്റെ ഉപദേശവും ഇതുതന്നെയാണ്. ആലപ്പുഴയിൽ കലോത്സവത്തിന് തിരശീല ഉയരുമ്പോൾ പുതിയ പ്രതിഭകൾ മലയാള സിനിമയ്ക്കുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു'- നിഖില പറഞ്ഞു.