മാവേലിക്കര: ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.സോമന്റെ പ്രസ്താവന വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് സി.പി.എം മാവേലിക്കര ഏരിയ സെക്രട്ടറി കെ.മധുസൂദനൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ചെട്ടികുളങ്ങരയിൽ ഭീതി പരത്തുന്ന സംഘപരിവാർ പ്രസ്ഥാനങ്ങളെ ന്യായീകരിക്കുന്ന നിലപാടാണ് ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റേത്.ആറ് വർഷത്തിനിടെ നിരവധി സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമണത്തിന് ഇരയായിട്ടുണ്ട്. രണ്ടു മാസത്തിലേറെയായി ആർ.എസ്.എസിന്റെ ആക്രമണപരമ്പര തുടരുന്നു. രണ്ടുതവണ ആക്രമണം ഉണ്ടായ ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കൃഷ്ണമ്മയുടെ വീടും സമീപം ആയുധങ്ങൾ കണ്ടെത്തിയ ആളൊഴിഞ്ഞ വീട്ടിലെ ശൗചാലയവും സന്ദർശിച്ച ശേഷമായിരുന്നു വസ്തുതാവിരുദ്ധമായ പ്രസ്താവന നടത്തിയത്. ആക്രമണങ്ങൾക്കെതിരെ സി.പി.എം പ്രതിഷേധ യോഗം നടത്തിയ ദിവസം രാത്രിയാണ് പ്രസിഡന്റിന്റെ വീട് ആക്രമിച്ചത്.
ആൾതാമസമില്ലാത്ത വീടിനോടു ചേർന്നുള്ള കുളിമുറിയിൽ നിന്നു ആയുധങ്ങൾ കണ്ടെത്തിയ സംഭവം പൊലീസിൽ അറിയിച്ചതിന്റെ വിരോധത്തിലാണ് പിന്നീട് പ്രസിഡന്റിന്റെ വീടിനു മുന്നിൽ അമിട്ട് പൊട്ടിച്ചത്.
പ്രസിഡന്റിന്റെ വീടിന് നേരേ ഗുണ്ടുകൾ എറിഞ്ഞതിലും ബോംബടക്കമുള്ള ആയുധശേഖരം കണ്ടെത്തിയതിലും ഉന്നതതല അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം ലീലഅഭിലാഷ്, ഏരിയ സെന്റർ അംഗം സി.സുധാകരക്കുറുപ്പ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.