മാവേലിക്കര: ചെട്ടികുളങ്ങരയിൽ സ്ഫോടകവസ്തുക്കളും ആയുധശേഖരവും കണ്ടെത്തിയ സംഭവത്തിൽ പ്രധാന ഉറവിടം കണ്ടെത്തിയതായി ജില്ലാ പൊലീസ് മേധാവി എസ്. സുരേന്ദ്രൻ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ഊർജിതമാണ്. ചെട്ടികുളങ്ങരയുടെ വിവിധ ഭാഗങ്ങളിൽ രാത്രികാല വാഹന പരിശോധന നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു മാസമായി ചെട്ടികുളങ്ങരയിൽ സംഘർഷം നിലനിൽക്കുകയാണ്.സി.പി.എം, ഡി.വൈ.എഫ് ഐ നേതാക്കളുടെ വീടിന് നേരെ നടത്തിയ ആക്രമണത്തോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കൃഷ്ണമ്മയുടെ വീടും ബി.ജെ.പി ഗ്രാമപഞ്ചായത്തംഗം രാജേഷ് ഉണ്ണിച്ചേത്തിന്റെ വീടും ആക്രമിച്ചു. നിരവധി ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകരും ആക്രമണത്തിന് ഇരയായി. പൊലീസ് വിളിച്ചുകൂട്ടിയ സമാധന ചർച്ചയും ഫലം കണ്ടില്ല. ഇനിന് ശേഷമാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിനു സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ കുളിമുറിയിൽ നിന്ന് ആയുധശേഖരം പിടികൂടിയത്.
സംശയാസ്പദമായ സാഹചര്യത്തിൽ ഇവിടെ ചിലരെ കണ്ടതിനെത്തുടർന്ന് പ്രസിഡന്റ് ഉൾപ്പെടെ നടത്തിയ അന്വേഷണത്തിലാണ് ആയുധ ശേഖരം കണ്ടെത്തിയത്. ഇതിന്റെ തൊട്ടടുത്ത ദിവസം പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിനു മുന്നിൽ ഗുണ്ട് പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ജില്ലാ പൊലീസ് മേധാവി കെ.സുരേന്ദ്രൻ നേരിട്ടെത്തി സംഭവസ്ഥലത്തു പരിശോധന നടത്തുകയും ശാസ്ത്രീയമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സ്ഫോടകവസ്തു ശേഖരത്തിന്റെ ഉറവിടം കണ്ടെത്തിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചിരിക്കുന്നത്.