karthi-chidambaram

ന്യൂഡൽഹി:എയർസെൽ മാക്സിസ് കേസിലെ പ്രതികളായ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനുമുള്ള ജാമ്യം നവംബർ 26വരെ ഡൽഹി പാട്യാല ഹൗസിലെ സി.ബി.ഐ സ്പെഷ്യൽ കോടതി നീട്ടി. ചിദംബരം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് എൻഫോഴ്സ്‌മെന്റിനും സി.ബി.ഐക്കും വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചെങ്കിലും കോടതി ജാമ്യം നീട്ടുകയായിരുന്നു. നേരത്തെ നവംബർ ഒന്നുവരെയായിരുന്നു ജാമ്യം. ചിദംബരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ബുധനാഴ്ച എൻഫോഴ്സമെന്റ് കോടതിയിൽ ബോധിപ്പിച്ചിരുന്നു.

ഐ.എൻ.എക്സ് മീഡിയ അഴിമതി കേസിൽ ചിദംബരത്തിന് ഡൽഹി ഹൈക്കോടതി നവംബർ 29 വരെ ജാമ്യം അനുവദിച്ചിട്ടുണ്ട്. ഈ കേസിൽ അറസ്റ്റിലായ മകൻ കാർത്തി പിന്നീട് ജാമ്യത്തിലിറങ്ങി.

എയർസെൽ മാക്സിസ് കേസിൽ ഒക്ടോബർ 25നാണ് എൻഫോഴ്സ്‌മെന്റ് പി.ചിദംബരത്തെ പ്രതിയാക്കി അനുബന്ധ കുറ്റപത്രം നൽകിയത്. എയർസെൽ മാക്സിസ് കമ്പനിയിൽ വിദേശ നിക്ഷേപത്തിന് നിയമവിരുദ്ധമായി അനുമതി നൽകിയതിലൂടെ 1.16 കോടി ലഭിച്ചെന്നാണ് കുറ്റപത്രം.


കാർത്തിയുടെ ഹർജി അടിയന്തരമായി കേൾക്കില്ല

വിദേശത്തുപോകാൻ അനുമതി തേടി കാർത്തി ചിദംബരം നൽകിയ ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ജഡ്ജിമാർക്ക് താങ്ങാൻ കഴിയുന്നതിലേറെ കേസുകളുണ്ടെന്നും കാർത്തി വിദേശ സന്ദർശനം നടത്തുന്നത് അടിയന്തര പ്രധാന്യമുള്ള വിഷയമല്ലെന്നും ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയി പറഞ്ഞു. ഐ.എൻ.എക്സ് മീഡിയ കേസിലും എയർസെൽ മാക്സിസ് കേസിലും പ്രതിയായ കാർത്തിക്ക് നേരത്തെ ബ്രിട്ടൻ, ജർമ്മനി, സ്പെയ്ൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കാൻ കർശന നിബന്ധനകളോടെ കോടതി അനുമതി നൽകിയിരുന്നു.