ന്യൂഡൽഹി: ശബരിമലയിൽ അന്തിമ മാസ്റ്റർപ്ലാന് അനുമതിയാകുംവരെ വനഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ നിർമ്മാണം തട
ഞ്ഞ് ഉടൻ ഇടക്കാല ഉത്തരവിറക്കണമെന്നും സമിതി സെക്രട്ടറി അമർനാഥ് ഷെട്ടി സുപ്രീംകോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ട് ജസ്റ്റിസ് മദൻ ബി. ലോകൂർ അദ്ധ്യക്ഷനായ ബെഞ്ച് ഇന്ന് അടിയന്തരമായി പരിഗണിക്കും.
കുടിവെള്ളവിതരണ സംവിധാനം, ശൗചാലയങ്ങൾ എന്നിവയുടെ നിർമ്മാണം മാത്രമേ അതുവരെ അനുവദിക്കാവൂ. പ്രളയത്തിൽ തകർന്ന പമ്പയിലെ കെട്ടിടങ്ങളുടെ പുനർനിർമ്മാണത്തിനും അറ്റകുറ്റപ്പണിക്കും ഇപ്പോൾ അനുമതി നൽകരുത്. ഈ കെട്ടിടങ്ങൾ പ്രളയജലം ഒഴുകിപ്പോകുന്നതിന് തടസമായി. അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയവർക്കെതിരെ നടപടി വേണമെന്നും റിപ്പോർട്ടിലുണ്ട്.
ശബരിമലയിലെ പരിസ്ഥിതി പ്രശ്നങ്ങളിലും നിയമലംഘനങ്ങളിലും നടപടിയാവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ശോഭീന്ദ്രൻ നൽകിയ ഹർജിയിലാണ് ഉന്നതാധികാര സമിതിയെ നിയമിച്ചത്. ഹർജിയിൽ ചൂണ്ടിക്കാട്ടിയ നിയമലംഘനങ്ങൾ ശരിവയ്ക്കുന്നതാണ് സമിതിയുടെ റിപ്പോർട്ട്. വനംവകുപ്പ് സന്നിധാനത്ത് പാട്ടത്തിന് നൽകിയ ഭൂമിയിൽ ദേവസ്വം ബോർഡ് നിർമ്മിച്ച ബഹുനില കെട്ടിടങ്ങൾ, പമ്പാ തീരത്തെ നിർമ്മാണങ്ങൾ എന്നിവ മാസ്റ്റർപ്ലാൻ ലംഘിച്ചുള്ളതാണെന്നും റിപ്പോർട്ടിൽ പറയുന്നു.