ന്യൂഡൽഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വിരുദ്ധ മുന്നണിക്കായി പ്രതിപക്ഷത്തെ ഒന്നിപ്പിക്കാൻ തെലുങ്കുദേശം നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ ശ്രമങ്ങൾ തുടരുന്നു. സംഖ്യരൂപീകരണത്തിനും ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാനും പ്രതിപക്ഷ പാർട്ടികളുടെ വിപുലമായ യോഗം ചേരാൻ ഇന്നലെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും നായിഡുവും നടത്തിയ ചർച്ചയിൽ തീരുമാനിച്ചു. നിർണായക ദൗത്യവുമായി ഡൽഹിയിലെത്തിയ നായിഡു എൻ.സി.പി നേതാവ് ശരദ് പവാർ, നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്‌ദുള്ള തുടങ്ങിയവരെയും കണ്ടു.
ജനാധിപത്യ സ്ഥാപനങ്ങളുടെ സംരക്ഷണത്തിന് പ്രതിപക്ഷം ഒന്നിക്കേണ്ടതിന്റെ ആവശ്യം ചർച്ച ചെയ്‌തെന്ന് രാഹുൽ ഗാന്ധി കൂടിക്കാഴ്‌ചയ്‌ക്കു ശേഷം പറഞ്ഞു. ബി.ജെ.പി സർക്കാരിനെതിരെ തൊഴിലില്ലായ്‌മ, അഴിമതി തുടങ്ങിയവ ഉയർത്തി ഒന്നിച്ചു നിൽക്കും. അഴിമതി അന്വേഷിക്കേണ്ട സ്ഥാപനങ്ങളെ സർക്കാർ ആക്രമിക്കുകയാണെന്ന് സി.ബി.ഐയിലെ പ്രശ്‌നങ്ങൾ പരാമർശിച്ച് രാഹുൽ പറഞ്ഞു.
ബി.എസ്.പി നേതാവ് മായാവതി അടക്കം രാഹുലിന്റെ നേതൃത്വം അംഗീകരിക്കാത്തത് പ്രതിപക്ഷ കൂട്ടായ്‌മയിൽ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചു നേതൃത്വം നൽകുമെന്നായിരുന്നു രാഹുലിന്റെ മറുപടി. പ്രതിപക്ഷത്തെ ഏറ്റവും വലിയ പാർട്ടി കോൺഗ്രസ് ആണെന്ന് നായിഡുവും വിശദീകരിച്ചു.
മുപ്പത്തി മൂന്ന് വർഷത്തെ രാഷ്‌ട്രീയ വൈരം മറന്ന് തെലുങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒന്നിച്ചു മത്സരിക്കാൻ കോൺഗ്രസും ടി.ഡി.പിയും തീരുമാനിച്ചതാണ് ഡൽഹി കൂടിക്കാഴ്‌ചയ്‌ക്ക് പശ്‌ചാത്തലമായത്. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന ആന്ധ്ര നിയമസഭാ തിരഞ്ഞെടുപ്പിൽ സംഖ്യം പ്രായോഗികമാകുമോ എന്ന സംശയം ഇരുപക്ഷത്തുമുണ്ട്. ആന്ധ്രയിലെ സാഹചര്യങ്ങൾ വിശദീകരിക്കാൻ സംസ്ഥാനത്തിന്റെ ചുമതലയുള്ള ഉമ്മൻചാണ്ടി ഇന്നലെ രാഹുലിനെ കണ്ടിരുന്നു.
കഴിഞ്ഞയാഴ്‌ച ബി.എസ്.പി നേതാവ് മായാവതി, ആംആദ്‌മി നേതാവ് അരവിന്ദ് കേജ്‌രിവാൾ, ബി.ജെ.പി വിട്ട മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ എന്നിവരെയും നായിഡു കണ്ടിരുന്നു. ബി.എസ്.പി, സമാജ്‌വാദി പാർട്ടികളെ അനുനയിപ്പിക്കലാണ് നായിഡുവിന് വെല്ലുവിളിയാകുന്നത്. മായാവതിയും കോൺഗ്രസും തമ്മിലുള്ള ചർച്ച എങ്ങുമെത്തിയില്ല. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ ബി.എസ്.പി ഒറ്റയ്‌ക്കാണ് മത്സരിക്കുന്നത്. സമവായമുണ്ടാക്കാൻ ഡൽഹിയിൽ വന്ന് ചർച്ചകൾ തുടരാനാണ് നായിഡുവിന്റെ തീരുമാനം.