ന്യൂഡൽഹി: ശബരിമലയിൽ മാസ്റ്റർപ്ലാൻ പ്രകാരമുള്ള നിർമ്മാണം മാത്രമേ നടത്താവൂവെന്ന് സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നിർദ്ദേശം നൽകി. പ്രളയത്തിൽ തകർന്ന നിയമപരമായ കെട്ടിടങ്ങൾക്ക് മാത്രം പുനർനിർമ്മാണവും അറ്റകുറ്റപ്പണിയുമാകാമെന്നും ജസ്റ്റിസ് മദൻ ബി. ലോക്കൂർ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സംസ്ഥാനസർക്കാരുമായും ദേവസ്വം ബോർഡുമായും കൂടിയാലോചന നടത്തി നിയമവിരുദ്ധ നിർമ്മാണങ്ങൾ കണ്ടെത്താനുള്ള ചുമതല ജില്ലാ കളക്ടർക്കാണ്.
ശബരിമലയിൽ മാസ്റ്റർപ്ലാൻ ലംഘിച്ച് നിർമ്മാണം നടന്നതായി സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി നൽകിയ റിപ്പോർട്ട് പരിഗണിക്കവെയാണ് കോടതി നിലപാട് അറിയിച്ചത്. ശബരിമല വനഭൂമിയിലെ നിർമ്മാണങ്ങൾ പൂർണമായും വിലക്കണമെന്ന റിപ്പോർട്ടിലെ ആവശ്യം കോടതി അംഗീകരിച്ചില്ല. മണ്ഡലകാലം പ്രതിസന്ധിയിലാകുമെന്ന സംസ്ഥാന സർക്കാരിന്റെ വാദം പരിഗണിച്ചാണ് സമ്പൂർണ വിലക്കേർപ്പെടുത്താൻ കോടതി വിസമ്മതിച്ചത്. ഇപ്പോൾ നിർമ്മാണങ്ങൾ പൊളിക്കരുത്. നിയമവിരുദ്ധ കെട്ടിടങ്ങൾ കണ്ടെത്തിയിട്ടില്ല. റിപ്പോർട്ടിൽ മറുപടി നൽകാൻ നാലാഴ്ച സമയം വേണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
അനധികൃത നിർമ്മാണം പൊളിക്കേണ്ടിവരും
.....................................................
ശബരിമലയിലെ നിർമ്മാണങ്ങളിൽ പ്രഥമദൃഷ്ട്യാ നിയമലംഘനമുണ്ടെന്നും അനധികൃത നിർമ്മാണങ്ങൾ പൊളിക്കേണ്ടിവരുമെന്നും കോടതി വാക്കാൽ പറഞ്ഞു. പ്രളയത്തിൽ തകർന്ന കെട്ടിടങ്ങൾ പുനർനിർമ്മിച്ചാലും നിയമവിരുദ്ധമെന്ന് കണ്ടെത്തിയാൽ പൊളിച്ചുമാറ്റേണ്ടിവരും. അറ്റകുറ്റപ്പണി നടത്താൻ കോടികൾ ചെലവഴിച്ചു, ക്രമസമാധാന പ്രശ്നം എന്നിവ പറഞ്ഞ് അനധികൃത നിർമ്മാണം സംരക്ഷിക്കാനാവില്ല.
മാസ്റ്റർപ്ലാൻ ലംഘിച്ചുള്ള നിർമ്മാണങ്ങൾ നടന്നതായും ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ നിർമ്മാണം തടഞ്ഞ് ഉടൻ ഇടക്കാല ഉത്തരവിറക്കണമെന്നും സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി ആവശ്യപ്പെട്ടിരുന്നു. പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ശോഭീന്ദ്രൻ നൽകിയ ഹർജിയിലാണ് ഉന്നതാധികാര സമിതിയെ നിയമിച്ചത്.