ന്യൂഡൽഹി: കേരള തമിഴ്നാട് അതിർത്തിയിലെ തേനിയിൽ കണികാ പരീക്ഷണ കേന്ദ്രം സ്ഥാപിക്കാനുള്ള പദ്ധതി ദേശീയ ഹരിത ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. കേരളത്തിലെ മതികെട്ടാൻ ചോല ദേശീയോദ്യാനത്തിന് സമീപമായതിനാൽ പദ്ധതിക്ക് ദേശീയ വന്യജീവി ബോർഡിന്റെ അനുമതി വേണമെന്നും കസ്തൂരിരംഗൻ കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ടനുസരിച്ചേ പദ്ധതിയുമായി മുന്നോട്ടു പോകാവൂവെന്നും വ്യക്തമാക്കിയാണ് സ്റ്റേ. അതേസമയം അനുമതി വേഗത്തിൽ ലഭിക്കാൻ നടപടിക്രമങ്ങൾ കുറഞ്ഞ ബി വിഭാഗത്തിൽ പദ്ധതിയെ ഉൾപ്പെടുത്തിയ കേന്ദ്രനടപടി ട്രൈബ്യൂണൽ റദ്ദാക്കിയില്ല.
പശ്ചിമഘട്ടത്തിൽ ഭൂമിക്കടിയിൽ സ്ഥാപിക്കുന്ന പദ്ധതി ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജികളിലാണ് ഉത്തരവ്.
എതിർപ്പുകൾക്കിടയിലും തേനിയിലെ പൊട്ടിപ്പുറത്ത് പദ്ധതിയുമായി മുന്നോട്ടുപോകാൻ കേന്ദ്രം തീരുമാനിച്ചിരുന്നു. നേരത്തേ ട്രൈബ്യൂണൽ നിരസിച്ച പദ്ധതിക്ക് കേന്ദ്രപരിസ്ഥിതി മന്ത്രാലയം വീണ്ടും അനുമതി നൽകുകയായിരുന്നു. ദേശീയ പ്രധാന്യമുള്ളതിനാൽ അനുമതി നൽകണമെന്ന വിദഗ്ദ്ധ സമിതിയുടെ ശുപാർശ പ്രകാരമായിരുന്നു ഇത്. കേരളത്തിലും തമിഴ്നാട്ടിലുമുള്ള പ്രതിഷേധം കണക്കിലെടുക്കാതെയായിരുന്നു നടപടി. പാരിസ്ഥിതിക പഠനമോ, പൊതുജനാഭിപ്രായമോ തേടാതെ അനുമതി നൽകിയ കേന്ദ്രത്തിന് തിരിച്ചടിയാണ് ട്രൈബ്യൂണൽ വിധി .
ഭൂകമ്പ സാദ്ധ്യത മേഖലയിൽ വമ്പൻ തുരങ്കം നിർമ്മിക്കുന്നതും അതിനായി പാറ പൊട്ടിക്കുന്നതും ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടിയിരുന്നു.
പദ്ധതിക്കെതിരെ വി.എസ് അച്യുതാനന്ദൻ, വൈക്കോ തുടങ്ങിയ നേതാക്കൾ രംഗത്തുവന്നിരുന്നു.