ന്യൂഡൽഹി:രാജ്യത്തെ സൂക്ഷ്‌മ,ചെറുകിട, ഇടത്തരം സംരംഭകരെ സഹായിക്കാൻ 59മിനിട്ടിൽ ഒരു കോടിരൂപ വരെ വായ്‌പ ലഭ്യമാക്കുന്നതുൾപ്പെടെ 12 പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
ഏറ്റവുമധികം തൊഴിൽ സൃഷ്‌ടിക്കുന്ന ചെറുകിട വ്യവസായങ്ങളുടെ ( മൈക്രോ, സ്‌മാൾ ആൻഡ് മീഡിയം എന്റർപ്രൈസസ് ) സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ചരിത്രപരമായ പ്രഖ്യാപനവും ദീപാവലി സമ്മാനവുമാണിതെന്നും മോദി പറഞ്ഞു.
ചെറുകിട സംരംഭകർക്ക് പി.എഫ്, ജൻധൻ അക്കൗണ്ട്, ഇൻഷ്വറൻസ് എന്നിവ ഉറപ്പാക്കു. ആനുകൂല്യങ്ങൾ നൂറു ദിവസത്തിനുള്ളിൽ നടപ്പാക്കും.
വാരണസിയിലെ സാരിയും ലുധിയാനയിലെ സോക്സ് വ്യവസായവും അടക്കം മഹത്തായ പാരമ്പര്യമാണ് ചെറുകിട വ്യവസായങ്ങൾക്കുള്ളത്. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ തെളിവാണ് ബിസിനസ് സൗഹൃദ റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെട്ടതെന്നും മോദി ചൂണ്ടിക്കാട്ടി.
സഹായം അഞ്ച് തരത്തിൽ:
വായ്‌പ ലഭ്യമാക്കൽ
ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കൽ
സാങ്കേതികവിദ്യാ പരിഷ്‌കാരം
ബിസിനസ് സൗഹൃദ സംവിധാനം
തൊഴിൽ സുരക്ഷ
ആനുകൂല്യങ്ങൾ
ബാങ്കിൽ പോകാതെ 59 മിനിട്ടിൽ ഒരു കോടി വായ്പ. ഇതിനായി പ്രത്യേക വെബ്‌സൈറ്റ്. ലിങ്ക് ജി.എസ്.ടി സൈറ്റിൽ
ജി.എസ്.ടിയിൽ രജിസ്‌റ്റർ ചെയ്‌തവർക്ക് വായ്പയിൽ രണ്ടു ശതമാനം റിബേറ്റ്
കയറ്റുമതിക്കുള്ള 3% വായ്‌പാ റിബേറ്റ് അഞ്ചു ശതമാനമാക്കി
500 കോടിയിലധികം വരുമാനമുള്ള കമ്പനികൾക്ക് ആനുപാതിക ബാങ്ക് വായ്‌പ.
പൊതുമേഖലാ കമ്പനികളുടെ സംഭരണത്തിന്റെ 25ശതമാനം ചെറുകിട, ഇടത്തരം സംരംഭകരുടെ ഉൽപ്പന്നങ്ങളാകണം.ഇപ്പോൾ ഇത് 20 %
മൂന്നു ശതമാനം വനിതാ സംരംഭകരുടെ ഉൽപ്പന്നങ്ങളായിരിക്കണം
ചെറുകിട, ഇടത്തരം സംരംഭകർക്ക് പ്രയോജനം ലഭിക്കാൻ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ഉപഭോക്താക്കളും സർക്കാർ ഇ - മാർക്കറ്റ് പ്ളേസിന്റെ ഭാഗമാകണം.
സാങ്കേതിക പരിഷ്‌കാരത്തിന് 20 ഹഭുകളഉം100 ടൂൾ റൂമുകളും സ്ഥാപിക്കാൻ 6,000കോടി
ചെറുകിട ഔഷധ കമ്പനികളുടെ ക്ളസ്‌റ്ററുകൾ സ്ഥാപിക്കും. 70ശതമാനം ചെലവും കേന്ദ്രം വഹിക്കും.
തൊഴിൽ നിയമങ്ങൾ ലഘൂകരിക്കും. റിട്ടേൺ ഫയലിംഗ് ഒരിക്കൽ മാത്രം. റിട്ടേൺ നൽകാൻ സെൽഫ് സർട്ടിഫിക്കേഷൻ. ഇൻസ്‌പെക്ടർമാരുടെ സന്ദർശനം കംപ്യൂട്ടർ നിശ്ചയിക്കും.
പരിസ്ഥിതി നിയമങ്ങൾ ലഘൂകരിക്കും. അന്തരീക്ഷ, ജല അനുമതി ഒന്നിച്ച്
ചെറിയ പിഴവുകൾ കോടതി കയറാതെ പരിഹരിക്കാൻ ഒാർഡിനൻസ്