ന്യൂഡൽഹി:ബോഫോഴ്സ് അഴിമതി കേസ് റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി.
പതിമൂന്ന് വർഷം മുൻപ് വന്ന വിധിക്കെതിരെ അപ്പീൽ നൽകാനുള്ള കാലതാമസം ചൂണ്ടിക്കാട്ടിയാണ് ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയി അദ്ധ്യക്ഷനായ ബെഞ്ച് അപ്പീൽ തള്ളിയത്. കേസിൽ പ്രതികളായിരുന്ന ഹിന്ദുജ സഹോദരന്മാരെയും സ്വീഡിഷ് കമ്പനിയെയും 2005 മേയിൽ ഡൽഹി ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെ കഴിഞ്ഞ ഫെബ്രുവരിയിലാണ് സി.ബി.ഐ അപ്പീൽ നൽകിയത്. പുതിയ തെളിവുകൾ ഉണ്ടെന്ന് വാദിച്ച സി.ബി.ഐക്ക് അപ്പീൽ നൽകാൻ ഇത്രയും വർഷം വൈകിയത് എന്തുകൊണ്ടെന്ന് കോടതിയെ ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞില്ല. അപ്പീൽ വൈകിയതിന് മുൻ യു.പി.എ സർക്കാരിനെയാണ് സി.ബി.ഐ കുറ്റപ്പെടുത്തിയത്.
1986ൽ സ്വീഡനിലെ ബോഫോഴ്‌സ് കമ്പനിയിൽ നിന്ന് 155 എം.എം ഹോവിറ്റ്‌സർ ഇനത്തിലുള്ള 400 പീരങ്കികൾ വാങ്ങിയതിലാണ് അഴിമതി ആരോപണമുയർന്നത്. ഇടപാടിൽ ഇന്ത്യയിലെ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും 64 കോടി കൈക്കൂലി നൽകിയെന്ന് 1986ൽ സ്വീഡിഷ് റേഡിയോ ആണ് ആദ്യം റിപ്പോർട്ട് ചെയ്‌തത്. പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ കരിനിഴലിലാക്കിയ കേസിൽ 1990ലാണ് സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തത്.
ഇടനിലക്കാരൻ വിൻഛദ്ദ, ഒട്ടാവിയോ ക്വട്രോച്ചി, ഹിന്ദുജ സഹോദരന്മാർ തുടങ്ങിയവരെയാണ് സി. ബി. ഐ പ്രതികളാക്കിയത്.