ന്യൂഡൽഹി: മാദ്ധ്യമപ്രവർത്തകനും മുൻ കേന്ദ്രമന്ത്രിയുമായ എം.ജെ അക്ബറിനെതിരെ ലൈംഗികാരോപണവുമായി ഒരു യുവതി കൂടി രംഗത്തെത്തി. വിദേശമാദ്ധ്യമപ്രവർത്തക പല്ലവി ഗൊഗോയാണ് തന്നെ അക്ബർ മാനഭംഗപ്പെടുത്തിയെന്ന് വെളിപ്പെടുത്തിയത്. യു.എസിലെ നാഷണൽ പബ്ളിക് റേഡിയോ ചീഫ് ബിസിനസ് കറസ്‌പോണ്ടന്റ് പല്ലവി ഗോഗോയി വാഷിംഗ്ടൺ പോസ്‌റ്റിലെ കോളത്തിലാണ് 22-ാം വയസിൽ നടന്ന പീഡനകഥ വെളിപ്പെടുത്തിയത്. 1994ൽ ഏഷ്യൻ എയ്ജിൽ ജോലി ചെയ്യവെ അക്‌ബർ ലൈംഗികമായി അപമാനിച്ചെന്നാണ് പല്ലവിയുടെ ആരോപണം.
എന്നാൽ യു.എസ്. മാദ്ധ്യമ പ്രവർത്തകയുമായി ഉഭയസമ്മത പ്രകാരമാണ് താൻ ബന്ധം പുലർത്തിയതെന്നും മാനഭംഗപ്പെടുത്തിയെന്ന ആരോപണം തെറ്റാണെന്നും എം.ജെ. അക്‌ബർ പറഞ്ഞു. പല്ലവിയുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നത് അക്കാലത്തെ സഹപ്രവർത്തകർക്ക് കാര്യങ്ങൾ നന്നായി അറിയാമെന്ന് അക്‌ബർ പറയുന്നു. നല്ല ബന്ധം പിന്നീട് മോശമായാണ് അവസാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോപണമുന്നയിച്ച പല്ലവി ഗോഗോയിയുമായി അക്‌ബറിന് അടുപ്പമുണ്ടായിരുന്നുവെന്ന് ഭാര്യ മല്ലികയും സ്ഥിരീകരിച്ചു. കുടുംബ കലഹത്തിന് വഴി തെളിച്ചപ്പോൾ അക്‌ബർ പിൻമാറിയതാണെന്നും അവർ വ്യക്തമാക്കി. അക്‌ബറിനെതിരെ വന്ന മീടൂ ആരോപണങ്ങൾ സംബന്ധിച്ച് മല്ലിക ആദ്യമായാണ് പ്രതികരിക്കുന്നത്. ആദ്യ മീടൂ ആരോപണം നടത്തിയ പ്രിയാരമണിക്കെതിരെ അക്‌ബർ കേസു നൽകിയതിന് തൊട്ടു പുറകെയാണ് യു.എസിൽ നിന്ന് പല്ലവിയുടെ വെളിപ്പെടുത്തൽ വന്നത്.
ഭർത്താവിന് പല്ലവിയുമായുള്ള ബന്ധം കുടുംബത്തിൽ പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചിരുന്നു. വീട്ടിൽ നടന്ന പാർട്ടിക്കിടെ തന്റെ മുന്നിൽ പല്ലവിയും അക്‌ബറും അടുത്ത് ഇടപഴകിയിരുന്നത് ഓർക്കുന്നു. എന്റെ പരാതിയെ തുടർന്ന് കുടുംബത്തിന് മുൻഗണന നൽകി അക്‌ബർ ബന്ധം അവസാനിപ്പിച്ചു. പല്ലവി ഇപ്പോൾ നടത്തിയ ആരോപണം കള്ളമാണ്.
- അക്ബറിന്റെ ഭാര്യ മല്ലിക ജോസഫ്
പ്രഗത്ഭനായ ഗുരുവിൽ നിന്നു പഠിക്കാനായി ശകാരങ്ങൾ സഹിച്ചു. 23-ാം വയസിൽ പേജ് എഡിറ്ററായി. പക്ഷേ, അതിനു വലിയ വില കൊടുക്കേണ്ടിവരുമെന്നു പിന്നീടാണു മനസിലായത്. പേജുമായി അദ്ദേഹത്തിന്റെ മുറിയിൽ എത്തിയപ്പോഴാണ് ആദ്യമായി ദുരനുഭവം ഉണ്ടായത്. മാസങ്ങൾക്കുള്ളിൽ മുംബയ് താജ് ഹോട്ടലിലെ മുറിയിൽ വച്ചും സമാനമായ അനുഭവം ഉണ്ടായി. മൂന്നാം സംഭവം ജയ്‌പുരിൽ വച്ചാണുണ്ടായത്. അന്നു ചെറുത്തുനിൽക്കാൻ കഴിഞ്ഞില്ല. ബലം പ്രയോഗിച്ചു വസ്ത്രങ്ങൾ അഴിച്ചുമാറ്റി അക്ബർ എന്നെ മാനഭംഗപ്പെടുത്തി.
-പല്ലവി ഗൊഗോയ്
ആരോപണം അടിസ്ഥാന രഹിതമാണ്. 1994 ൽ എപ്പഴോ ആണ് പരസ്പര സമ്മതപ്രകാരം ബന്ധത്തിലേർപ്പെടുന്നത്. ഇത് മാസങ്ങളോളം നീണ്ടു. പിന്നീട് തന്റെ കുടുംബജീവിതത്തെയടക്കം ഇതു മോശമായി ബാധിച്ചു. അങ്ങനെ ഈ ബന്ധം അവസാനിച്ചു. എന്നാൽ നല്ല രീതിയിൽ ആയിരുന്നില്ല ഇതിന്റെ അന്ത്യം
-എം.ജെ.അക്ബർ