ന്യൂഡൽഹി:അയോദ്ധ്യ പ്രശ്നത്തിൽ കൂടുതൽ തീവ്രമായ നിലപാടിലേക്ക് നീങ്ങിക്കൊണ്ട്, ക്ഷേത്രനിർമ്മാണത്തിനായി കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കണമെന്ന് ആർ. എസ്. എസ് ആവശ്യപ്പെട്ടു. ക്ഷേത്ര നിർമ്മാണത്തിനായി അനന്തമായി കാത്തിരിക്കാനാവില്ലെന്നും രാമക്ഷേത്രം യാഥാർത്ഥ്യമാക്കാൻ 1992ലേതിന് സമാനമായ പ്രക്ഷോഭം തുടങ്ങുമെന്നും ആർ.എസ്.എസ് ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി പ്രഖ്യാപിച്ചു. ( 1992 ഡിസംബർ 6നാണ് കർസേവകർ ബാബ്‌റി മസ്ജിദ് തകർത്തത് ) അയോദ്ധ്യ മുൻഗണന നൽകേണ്ട വിഷയമല്ലെന്ന് പറഞ്ഞ് കേസ് വാദം കേൾക്കാനുള്ള തീയതി നിശ്ചയിക്കുന്നത് ജനുവരിയിലേക്ക് നീട്ടിയ സുപ്രീംകോടതി ഹിന്ദുക്കളുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്‌ട്രയിലെ താനെയിൽ മൂന്നു ദിവസമായി നടന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം ഇന്നലെ പത്രസമ്മേളനത്തിലാണ് ആർ.എസ്.എസ് ജനറൽ സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്. മുംബയിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായും ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതും തമ്മിൽ നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ വന്ന പ്രഖ്യാപനത്തിന് രാഷ്‌ട്രീയപ്രാധാന്യം ഏറെയാണ്.
അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ നിയമപരമായ അനുമതി ആവശ്യമാണ്. അതിനാൽ സർക്കാർ നിയമപരമായ പരിഹാരമുണ്ടാക്കണമെന്ന് ഭയ്യാജി ജോഷി ആവശ്യപ്പെട്ടു. ഹിന്ദുക്കളുടെ വികാരം മനസിലാക്കി സുപ്രീംകോടതി കേസ് പരിഗണിക്കുമെന്നാണ് കരുതിയത്. 2010ലെ അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്‌തുള്ള കേസ് സുപ്രീംകോടതിയിൽ നീണ്ടു പോകുകയാണ്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ദീപാവലിക്ക് സന്തോഷമുള്ള വാർത്ത കേൾക്കാമെന്ന് കരുതി. എന്നാൽ കേസ് നീട്ടിവച്ചു. മുൻഗണനാ വിഷയങ്ങൾ പരിഗണിക്കണമെന്ന് പറഞ്ഞ് ഹിന്ദുക്കളുടെ വികാരത്തെയാണ് കോടതി വ്രണപ്പെടുത്തിയത്. ഹിന്ദുക്കളുടെ വിശ്വാസത്തെ കോടതി പരിഗണിക്കണമായിരുന്നു. കോടതി വിധിക്കുവേണ്ടിയുള്ള കാത്തിരിപ്പ് ഒരുപാട് നീണ്ടു പോയി.ആർ.എസ്.എസിനെ പിന്തുണച്ച് രംഗത്തെത്തിയ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും ഒാർഡിനൻസ് വഴി പരിഗണിക്കണമെന്ന് പറഞ്ഞു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ആർ.എസ്.എസ് അയോധ്യ വിഷയവുമായി വരുന്നത് പതിവാണെന്നാണ് കോൺഗ്രസ് പ്രതികരിച്ചത്.
വിശ്വഹിന്ദു പരീഷത്ത് അടക്കമുള്ള മറ്റ് സംഘപരിവാർ സംഘടനകളും രാമക്ഷേത്രം ഉടൻ നിർമ്മിക്കണമെന്ന ആവശ്യം ശക്തമാക്കിയതിന് പിന്നാലെയാണ് ആർ.എസ്.എസും നിലപാട് വ്യക്തമാക്കിയത്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ആർ.എസ്.എസ് ശക്തമായ നിലപാടാണ് കേരളത്തിൽ സ്വീകരിക്കുന്നത്. ഹിന്ദുക്കളുടെ വിശ്വാസത്തിന് കോട്ടം തട്ടുന്ന വിധി നടപ്പാക്കാൻ സി.പി.എം സർക്കാർ ശ്രമിക്കുന്നതായി ഉത്തരേന്ത്യയിലും മറ്റും സംഘപരിവാർ സംഘടനകൾ പ്രചാരണവും നടത്തുന്നുണ്ട്.